ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കവുമായി ആമസോൺ. ടെക് ഭീമന്മാർ കുറുക്കുവഴികളിലൂടെ ലാഭം കൊയ്തുകൊണ്ടിരിക്കവെ എഐയെ കൂടുതലായി ഉപയോഗപ്പെടുത്തി ഇന്ത്യയിലെ വ്യവസായം കൂടുതൽ മെച്ചപ്പെടുത്താനാണ് നീക്കം. ഇന്ന് ന്യൂഡൽഹിയിൽ നടന്ന ആമസോൺ സംഭാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലായിരുന്നു പ്രഖ്യാപനം.പുതിയ തീരുമാനപ്രകാരം, ആമസോൺ 37 ബില്യൺ രൂപയാണ് ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങിയിരിക്കുന്നത്. നീക്കം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലോജിസ്റ്റിക്‌സിൽ എഐ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മുന്നേറ്റവും സാധ്യമാക്കാനാകുമെന്നാണ് ആമസോൺ കമ്പനിയുടെ വിലയിരുത്തൽ.
പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ നിക്ഷേപത്തുകയായി ഉയർത്തുമെന്ന് നേരത്തെ യുഎസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പുറമെ, 2030ഓടെ കയറ്റുമതി നാലിരട്ടിയായി വർധിപ്പിച്ച് 80 ബില്യണായി ഉയർത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
'എല്ലാവരും നിർമിതബുദ്ധിയെ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ ഭാഗമായിരിക്കുന്നതിൽ സന്തോഷമുണ്ട്'. ആമസോണിന്റെ മാർക്കറ്റ് തലവൻ അമിത് അഗർവാൾ പറഞ്ഞു.
ഇന്ത്യയിൽ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആമസോണിന്റെ നീക്കം.