റെഡ് സീ ഇൻറർനാഷനൽ ചെങ്കടൽ തീരത്ത് വികസിപ്പിച്ചെടുക്കുന്ന പ്രധാന ടൂറിസം പദ്ധതിയായ 'അമാല' വിനോദസഞ്ചാര കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. റിയാദിൽ നടന്ന ടൂറിസം ഉച്ചകോടിയിൽ റെഡ് സീ ഇൻറർനാഷനൽ പദ്ധതി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. രാജ്യത്തെ ആഢംബര ടൂറിസത്തിന് ഇതൊരു വഴിത്തിരിവായി മാറുമെന്ന് അധികൃതർ പ്രതീക്ഷ പങ്കുവെച്ചു.
പുതിയ ലക്ഷ്യസ്ഥാനം ആദ്യ അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ഉടൻ തന്നെ വാതിലുകൾ തുറക്കാൻ ഒരുങ്ങുകയാണ്. തബൂക്ക് പർവതനിരകളുടെയും നിർമലമായ ചെങ്കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അമാല പദ്ധതി ആഡംബരം, ക്ഷേമം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിക്കുന്ന ഒരു അനുഭവം സന്ദർശകർക്ക് പ്രദാനം ചെയ്യുന്നു. ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ആഢംബര ടൂറിസത്തിൽ ആഗോള സാന്നിധ്യം വർധിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെ വിഷൻ 2030ൻ്റെ ചട്ടക്കൂടിൽ ഈ ലക്ഷ്യസ്ഥാനം ഉൾക്കൊള്ളുന്നു.
ആദ്യ ഘട്ടത്തിൽ 'അമാല' ആറ് ആഢംബര റിസോർട്ടുകളിലൂടെ തിളങ്ങും. അഞ്ച് കിലോമീറ്റർ നീളമുള്ള ഒരു തീരദേശ പ്രൊമെനേഡും ആകർഷകമായ പ്രകൃതിദൃശ്യങ്ങളും ഇടകലർന്നതാണിത്. 128 മുറികളും 29 വസതികളും വിപുലമായ വെൽനസ് അനുഭവങ്ങളും ഉൾപ്പെടുന്ന 'ഇക്വിനോക്സ് അമാല റിസോർട്ട് ആൻഡ് റെസിഡൻസസും', 202 താമസ യൂനിറ്റുകളും സ്വകാര്യ ബീച്ചുകളും സംയോജിത കുടുംബ സൗകര്യങ്ങളുമുള്ള 25 വസതികളും ഉൾപ്പെടുന്ന 'ഫോർ സീസൺസ് അമാല റിസോർട്ടും' ഇതിലുൾപ്പെടുന്നു.
പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പ്രതിവർഷം സന്ദർശകരുടെ എണ്ണം പരമാവധി അഞ്ച് ലക്ഷമായി പരിമിതപ്പെടുത്തും. 2040 ആകുമ്പോഴേക്കും 30 ശതമാനം പാരിസ്ഥിതിക നേട്ടം കൈവരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ദോഹ, ദുബൈ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ ലഭിക്കുന്ന റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് വഴിയാണ് അമാലയിലേക്ക് പ്രവേശിക്കാൻ കഴിയുക. യൂറോപ്യൻ നഗരങ്ങളുമായി ഉടൻ തന്നെ ലക്ഷ്യസ്ഥാനത്തെ ബന്ധിപ്പിക്കാനുള്ള പദ്ധതികളും ഇതിനുണ്ട്. 2026-ൽ തുറക്കാൻ പോകുന്ന അൽ വജ്ഹ് വിമാനത്താവളവും കമ്പനി വികസിപ്പിക്കുന്നുണ്ട്.