ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു ഉപാധികളോടെ മുൻകൂർ ജാമ്യം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ്.നസീറ ആണ് ഹർജി പരിഗണിച്ചത്.അറസ്‌റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ദിവസങ്ങളായി ഒളിവിൽ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താൻ കഴിയും. ബലാത്സംഗക്കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞിരുന്നു.