വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാർജ് നൽകാതെ ടിക്കറ്റുകൾ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും അനുവദിക്കുന്ന വലിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
ടിക്കറ്റ് റീഫണ്ട്, കാൻസലേഷൻ ചട്ടങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം കൊണ്ടുവരുന്നത്. ഇതിൻ്റെ കരടുരൂപം തയ്യാറാക്കിക്കഴിഞ്ഞു. ടിക്കറ്റിന്റെ തുക പൂർണമായും തിരിച്ചുകിട്ടുന്ന സൗകര്യം എല്ലാ എയർലൈനുകൾക്കും ബാധകമാണ്. എന്നാൽ, ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ആഭ്യന്തര സർവീസുകളുടെ കാര്യത്തിലാണെങ്കിൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും മുൻപേ ആയിരിക്കണം. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിലാണെങ്കിൽ ഇത് പതിനഞ്ചുദിവസമാണ്.ഇതിനിപ്പുറമാണെങ്കിൽ സാധാരണഗതിയിലുള്ള കാൻസലേഷൻ ചാർജ് നൽകേണ്ടിവരും.