ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്പെരുമ്പാക്കത്തെ മനോജ്കുമാറാണ് (26) മരിച്ചത്. ഹോട്ടലിൽനിന്ന് ചിക്കൻ നൂഡിൽസ് കഴിച്ച മനോജ് കഴിഞ്ഞ മൂന്നുദിവസമായി വയറിളക്കത്തെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ശ്വാസംമുട്ടലിനെത്തുടർന്ന് കുഴഞ്ഞുവീണ മനോജിനെ വിഴുപുരം ജില്ലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർനടത്തിയ പരിശോധനയിൽ മനോജ്കുമാർ മരിച്ചതായി ബന്ധുക്കളെ അറിയിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റാണ് മരണപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ വിഴുപുരം ടൗൺ പോലീസ് കേസെടുത്തു.