സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായി സർക്കാർ ശുചിത്വ, മാലിന്യ പെരുമാറ്റച്ചട്ടം പുറത്തിറക്കി. സഞ്ചാരികളെത്തുന്ന പൊതുവിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വത്തിനായി പാലിക്കേണ്ട കാര്യങ്ങളിൽ വ്യക്തത വരുത്തിയാണിത് തയ്യാറാക്കിയിട്ടുള്ളത്.ശുചിത്വമുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ 480 കേന്ദ്രങ്ങളിൽ മാലിന്യ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. തുടർന്നാണ് പെരുമാറ്റച്ചട്ടം പരസ്യപ്പെടുത്തിയത്.
പ്രധാന നിർദേശങ്ങൾ
ഓരോ സ്ഥാപനത്തിനും മാലിന്യ സംസ്കരണത്തിനു മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥൻ വേണം. ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ പ്രദർശിപ്പിക്കുകയും വേണം.
സംസ്കരണച്ചെലവ് തുക സഞ്ചാരികളിൽനിന്ന് ഈടാക്കാം.
ഓരോ കേന്ദ്രത്തിൻറെയും വ്യത്യസ്തത നിലനിർത്തും വിധമാകണം സംസ്കരണ സംവിധാനങ്ങൾ.
ശുചിത്വം വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്താൻ സംവിധാനം വേണം.
ഓരോ സ്ഥലത്തും സഞ്ചാരികൾ അനുസരിക്കേണ്ട നിയമങ്ങളും പിഴയും ബോധ്യപ്പെടുത്തി ബോർഡുവെക്കണം.
മാലിന്യമിടുന്ന വീപ്പകൾ(വേസ്റ്റ് ബിൻ) വൃത്തിയും ആകർഷണീയവുമാകണം.
10 കിലോയിൽ കൂടുതൽ അജൈവമാലിന്യമുണ്ടെങ്കിൽ മിനി എംസിഎഫ് (മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) വേണം.
ദിവസം ഒരു പ്രാവശ്യമെങ്കിലും ശൗചാലയം വൃത്തിയാക്കണം
തെരുവു കച്ചവടക്കാർക്ക് രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡും വേണം.
ബോട്ടുകളിൽ കുപ്പിവെള്ളം പാടില്ല.
ആന, കുതിര, ഒട്ടകം എന്നിവയുടെ മാലിന്യം ഉടമകൾതന്നെ സംസ്കരിക്കണം.
വാഹനത്തിൽ നിരോധിത ഉത്പന്നങ്ങൾ കൊണ്ടുപോയാൽ ഉത്തരവാദിത്വം ഉടമയ്ക്കും സഞ്ചാരികൾക്കുമായിരിക്കും.