ചൈനീസ് റോബട്ടിക്സ് കമ്പനിയായ എൻജിൻ എഐ (EngineAl) പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോ ആണ് ഇപ്പോൾ ടെക് ലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്.
കമ്പനിയുടെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബട്ടായ SE01 കമ്പനി സിഇഒ ആയ ഷാവോ ടോങ്യാങ്ങിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.സാധാരണയായി ബോസ്റ്റൺ ഡൈനാമിക്സ് പോലുള്ള കമ്പനികൾ റോബട്ടുകളുടെ ബാലൻസ് പരിശോധിക്കാൻ അവയെ ചവിട്ടാറാണുള്ളത്. എന്നാൽ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. റോബട്ട് വെറുമൊരു സിജിഐ സൃഷ്ടിയല്ലെന്നും, അതൊരു യഥാർത്ഥ ഹാർഡ്വെയർ ആണെന്നും ലോകത്തിന് മുന്നിൽ തെളിയിക്കാനാണ് ഇത്തരമൊരു വിചിത്രമായ പരീക്ഷണം നടത്തിയത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വിഡിയോയിൽ, റോബട്ട് വളരെ കൃത്യതയോടെ സിഇഒയുടെ നെഞ്ചിലേക്ക് ചവിട്ടുന്നു. അദ്ദേഹം നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതിൽ ശ്രദ്ധേയമായ കാര്യം, ഇത്രയും ശക്തമായ ഒരു ചലനം നടത്തിയിട്ടും റോബട്ടിന്റെ ബാലൻസ് തെറ്റുന്നില്ല എന്നതാണ്. മനുഷ്യരെപ്പോലെ തന്നെ അത് നിലയുറപ്പിക്കുന്നു.
എൻഡ്-ടു-എൻഡ് ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ റോബട്ടിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നത്. മനുഷ്യരുടെ നടത്തവും ചലനങ്ങളും വളരെ സ്വാഭാവികമായി അനുകരിക്കാൻ റോബടിന് സാധിക്കുന്നു. പുറത്തുനിന്നുള്ള ആഘാതങ്ങളെ പ്രതിരോധിക്കാനും, സ്വന്തം ചലനങ്ങൾക്കിടയിലും വീണുപോകാതെ നിൽക്കാനുമുള്ള ശേഷി ഇതിനുണ്ട്.