Nbവിമാന ടിക്കറ്റ് റീഫണ്ട് നൽകാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസിൽ ഓൺലൈൻ യാത്രാബുക്കിങ് പ്ലാറ്റ്ഫോമായ മേക്ക് മൈ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് 32,284/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോട്ടയം സ്വദേശിയും മുതിർന്ന പൗരനും റിട്ടയേർഡ് ബാങ്ക് ജീവനക്കാരനുമായിരുന്ന എം.ടി തോമസ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി മാസത്തിൽ പരാതിക്കാരൻ മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് രണ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു.എന്നാൽ വിമാന കമ്പനി രണ്ട് തവണ ഫൈറ് റീഷഡറുൾ ചെയ്‌തപോൾ,ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹം യാത്ര റദ്ദാക്കി. ടിക്കറ്റ് റദ്ദായതിനാൽ, ഇൻഡിഗോ എയർലൈൻസ് 7,284/- രൂപയുടെ റീഫണ്ട് മേക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും തുക ഉപഭോക്താവിന് നൽകിയില്ല. റീഫണ്ടിനായി പരാതിക്കാരൻ പലതവണ ആവശ്യപ്പെടുകയും, വക്കീൽ നോട്ടീസ് അയക്കുകയും ചെയ്‌തു. എന്നാൽ, എതിർകക്ഷി റീഫണ്ട് നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
മേക്ക് മൈ ട്രിപ്പ് സേവനത്തിൽ വീഴ്ച വരുത്തിയതായും റീഫണ്ട് തുക കൈപ്പറ്റിയ ശേഷം അത് ഉപഭോക്താവിന് നൽകാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. "ഫെസിലിറ്റേറ്റർ" മാത്രം ആണെന്ന മേക്ക് മൈ ട്രിപ്പിന്റെ വാദം തള്ളിക്കൊണ്ട്, ഒരു ഇടപാടിൽ നേരിട്ട് പങ്കാളിയാകുന്ന സേവനദാതാവിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മുതിർന്ന പൗരനായ പരാതിക്കാരൻ മാനസിക ബുദ്ധിമുട്ടുകളും സമയനഷ്ടവും സാമ്പത്തിക നഷ്‌ടവും നേരിട്ടതായി കോടതി വിലയിരുത്തി. ചെറിയൊരു തുക തിരികെ ലഭിക്കാൻ വേണ്ടിപ്പോലും അദ്ദേഹത്തിന് മാസങ്ങളോളം ബുദ്ധിമുട്ടേണ്ടിവന്നു. ഇത് ഉപഭോക്താവിൻ്റെ ആത്മവിശ്വാസം തകർക്കുന്ന നടപടിയാണെന്നും ഇത്തരം വീഴ്ചകൾക്കെതിരെ ഉപഭോക്ത കോടതികൾ നിലകൊള്ളുമെന്നും വിധിയിൽ പറയുന്നു.
പരാതിക്കാരന് റീഫണ്ട് തുകയായ 7,284 രൂപ തിരികെ നൽകണം. കൂടാതെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 20,000 രൂപയും കോടതി നടപടികളുടെ ചെലവുകൾക്കായി 5,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികളോട് കോടതി നിർദേശിച്ചു.