വാടകയ്ക്കൊരു വീടെന്നപോലെ ഭർത്താക്കന്മാരെ വാടകയ്ക്കെടുക്കുകയാണ് വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ സ്ത്രീകൾ. ലാത്വിയയിൽ പുരുഷന്മാർക്ക് കടുത്ത ക്ഷാമം നേരിട്ടതോടെയാണ് വീട്ടുജോലിയടക്കമുള്ള ആവശ്യങ്ങൾക്ക് സഹായിക്കാനായി പുരുഷന്മാരെ വാടകയ്ക്കെടുക്കാൻ സ്ത്രീകൾ നിർബന്ധിതരായത് എന്നാണ് 'ന്യൂയോർക്ക് പോസ്‌റ്റ്' റിപ്പോർട്ട് ചെയ്യുന്നത്.
ജോലി സ്‌ഥലത്തും ദൈനംദിന ജീവിതത്തിലും പുരുഷന്മാരുടെ കുറവ് പ്രകടമായതോടെയാണ് ഈ അസാധാരണ നീക്കമുണ്ടായത്. താൽക്കാലിക ഭർത്താക്കന്മാരെ വാടകയ്ക്ക് നൽകുന്ന ആപ്പുകളും സേവനങ്ങളും ലാത്വിയയിലുണ്ട്. മണിക്കൂർ അടിസ്‌ഥാനത്തിലാണ് ഇവരുടെ സേവനങ്ങൾ. പൂന്തോട്ട പരിപാലനം, വീട് അറ്റകുറ്റപ്പണി, മരപ്പണി, ടെലിവിഷൻ ഇൻസ്റ്റലേഷൻ തുടങ്ങിയ പുരുഷ സേവനങ്ങൾ ലാത്വിയയിൽ ലഭ്യമാണ്. വീട്ടാവശ്യങ്ങൾക്ക് പുരുഷന്മാരെ ലഭിക്കാൻ കൊമാൻഡ 24 പോലുള്ള പ്ലാറ്റ്ഫോമുകളിൽ "മെൻ വിത്ത് ഗോൾഡൻ ഹാൻഡ്‌സ്' എന്ന ടാഗ് ലൈനോടെ പുരുഷന്മാരെ ലഭിക്കും.ഫോൺ വിളിച്ചോ ഓൺലൈനായോ പുരുഷന്മാരുടെ സേവനങ്ങൾ ബുക്ക് ചെയ്യാം.