Drisya TV | Malayalam News

മലയാറ്റൂരിലെ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകം

 Web Desk    10 Dec 2025

മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അലന്‍റെ മൊഴി. ബാംഗ്ലൂരിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടിരുന്നു.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുൻപ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തും. 21 വയസ്സുകാരനായ അലൻ കാലടിയിലെ വെൽഡിങ് തൊഴിലാളിയാണ്. 

ഇന്നലെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സമയത്ത് തന്നെ അലനെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് വീണ്ടും അലനെ വിളിച്ച് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അലൻ സംഭവത്തെക്കുറിച്ച് പൊലീസിനോട് തുറന്നുപറഞ്ഞത്. ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ.

  • Share This Article
Drisya TV | Malayalam News