റഷ്യയിൽനിന്ന് ആണവശക്തിയുപയോഗിച്ച് പ്രവർത്തിക്കുന്ന അന്തർവാഹിനി പാട്ടത്തിനെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 36 വർഷം പഴക്കമുള്ള അകുല ക്ലാസിൽപ്പെട്ട കെ-391 ബ്രാറ്റ്സ്ക് അന്തർവാഹിനിയാണ് ഇന്ത്യൻ നാവികസേനവാങ്ങുന്നത്. വലിയ രൂപമാറ്റം വരുത്തി ‘ഐഎൻഎസ് ചക്ര 3' എന്ന പേരിൽ 2028-ഓടെ ഇത് കമ്മിഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
2019-ലാണ് ഇതുസംബന്ധിച്ച 300 കോടി ഡോളറിന്റെ 10 വർഷത്തെ പാട്ടക്കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്. 2025-ൽ അന്തർവാഹിനി ഇന്ത്യയ്ക്ക് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും രൂപമാറ്റം വരുത്താനുള്ള പ്രക്രിയകളും ആഗോളതലത്തിലുള്ള ഉപരോധങ്ങളും അത് വൈകിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ നാവികസേനാംഗങ്ങൾക്ക് പരിശീലനം നൽകുക, ആണവഎൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അന്തർവാഹിനികൾ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കരാർ. അതിലെ വ്യവസ്ഥ പ്രകാരം അന്തർവാഹിനിയെ യുദ്ധമുഖത്ത് വിന്യസിക്കാനോ ആക്രമണങ്ങളിലുപയോഗിക്കാനോ ആണവായുധങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന രഹസ്യ പട്രോളിങ്ങിന് ഉപയോഗിക്കാനോ പാടില്ല. കൂടാതെ ദീർഘദൂര ആണവമിസൈലുകൾ അന്തർവാഹിനിയിൽ സജ്ജീകരിക്കാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നു.
റഷ്യയിൽനിന്ന് ഇന്ത്യ വാടകയ്ക്കെടുക്കുന്ന മൂന്നാമത്തെ ആണവ അന്തർവാഹിനിയാണ് ഇത്.1988-1991 വരെ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ‘ഐഎൻഎസ് ചക്ര-1' ആണ് ആദ്യത്തേത്. 2012 മുതൽ 2021 വരെ ഉപയോഗിച്ച ഐഎൻഎസ് ചക്ര-2 ഉം ഉപയോഗിച്ചിരുന്നു. നിലവിൽ ഡീസൽ, ഇലക്ട്രിക് എൻജിനുകളുപയോഗിച്ച് പ്രവർത്തിക്കുന്ന 17 അന്തർവാഹിനികൾ ഇന്ത്യൻ നേവി ഉപയോഗിക്കുന്നുണ്ട്.