ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയുംചെയ്‌തതിന് പിന്നാലെയാണ് സർക്കാർ നടപടി. നിലവിൽ വിമാനസർവീസുകൾ സാധാരണനിലയിലായെന്നും പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും ഇൻഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.ദിവസവും 2,200-ഓളം സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ. പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതോടെ 200-ലധികം വിമാനസർവീസുകൾ നിർത്തിവയ്ക്കേണ്ടിവരും.
ചൊവ്വാഴ്ച ഇൻഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോയുടെ സർവീസുകളിൽ സ്ഥിരതയുണ്ടാകാനും സർവീസുകൾ റദ്ദാക്കുന്നത് കുറയ്ക്കാനും മൊത്തത്തിലുള്ള ഇൻഡിഗോ റൂട്ടുകൾ വെട്ടിക്കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടത്.ടിക്കറ്റ് നിരക്കിന്റെ പരിധി ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സർവീസുകൾ മുടങ്ങി യാത്രക്കാർ കടുത്ത അസൗകര്യങ്ങൾ നേരിട്ട സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ ആറാം തീയതിവരെ റദ്ദാക്കിയ വിമാനസർവീസുകളുടെ റീഫണ്ടിങ് നൂറുശതമാനവും പൂർത്തിയാക്കിയതായി സിഇഒ യോഗത്തിൽ അറിയിച്ചു. ശേഷിക്കുന്ന റീഫണ്ടുകളും ബാഗേജ് തിരികെനൽകാനുള്ള നടപടികളും വേഗത്തിലാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോ സിഇഒയ്ക്ക് നിർദേശം നൽകി.