ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനികളിലൊന്നായ ദക്ഷിണ കൊറിയയിലെ എച്ച്.ഡി. ഹ്യുണ്ടായി ഇന്ത്യയിലെ ആദ്യത്തെ മെഗാ ഷിപ്പ്യാർഡ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്ഥാപിക്കാനൊരുങ്ങുന്നു. ഏകദേശം രണ്ട് ബില്യൺ ഡോളർ (ഏകദേശം 18,000 കോടി രൂപ) നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കമ്പനി തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം (MoU) ഒപ്പുവച്ചു.മധുരയിൽ നടന്ന തമിഴ്‌നാട് നിക്ഷേപ സംഗമം 2025-ൽ വെച്ചാണ് നിർണായകമായ കരാർ ഒപ്പിട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി. രാജാ എന്നിവരുടെ സാന്നിധ്യത്തിൽ എച്ച്.ഡി. കൊറിയ ഷിപ്പ്ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എൻജിനീയറിംഗ് വൈസ് പ്രസിഡന്റ് ഹന്നേ ചോയി കരാറിൽ ഒപ്പുവെച്ചു.
കപ്പൽ നിർമ്മാണത്തിന് അനുയോജ്യമായ തീരദേശ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലാളി ലഭ്യത, ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായിയുടെ ആസ്ഥാനമായ ഉൾസാനുമായി സമാനമായ കാലാവസ്ഥ എന്നിവയാണ് തൂത്തുക്കുടിയെ മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റിയത്.
എച്ച്.ഡി. ഹ്യുണ്ടായി പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ കൊച്ചിൻ ഷിപ്പ്യാർഡ്, മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്‌സ് എന്നിവരുടെ നിരയിലേക്ക് കമ്പനിയും ചേരും. തൂത്തുക്കുടിയിൽ രണ്ട് പുതിയ ഗ്രീൻഫീൽഡ് വാണിജ്യ കപ്പൽശാലകൾ സ്ഥാപിക്കുമെന്ന് ഇതിനകം ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.