വെറുതെ വഴിയിൽ കിടക്കുന്ന കല്ല് പോലും ജീവിതം മാറ്റിയെന്നും വരാം. ഡൽഹി സ്വദേശിയായ ഒരു യുവാവിന്റെ അത്തരമൊരു ഐഡിയ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വഴിയരികിൽ കിടന്ന പാറക്കല്ലിനെ ഭംഗിയുള്ള ഹോം ഡെക്കർ ഐറ്റമാക്കി മാറ്റി ആയിരങ്ങൾ സമ്പാദിച്ചിരിക്കുകയാണ് ഈ യുവാവ്.
പാറക്കല്ലിനെ ഉപയോഗക്ഷമമായ ക്ലോക്കായി മാറ്റിയാണ് യുവാവ് കയ്യടി നേടുന്നത്. ആദ്യം കല്ല് മറ്റൊരു വ്യക്തിയുടെ സഹായത്തോടെ അരികുകളൊക്കെ മിനുക്കി ഭംഗിയാക്കിയെടുത്തു.ക്ലോക്കിന്റെ സൂചി ഘടിപ്പിക്കാനും മറ്റ് ഉപകരണങ്ങൾ സെറ്റ് ചെയ്യാനും പ്രത്യേക ദ്വാരങ്ങളും ഉണ്ടാക്കി. ആകർഷകമാക്കാൻ പെയിന്റും പോളിഷും ഉപയോഗിച്ചു. ഒടുവിൽ സൂചിയും ബാറ്ററിയും ഉൾപ്പെടുത്തിയതോടെ കല്ലിൽ തീർത്ത പ്രവർത്തനക്ഷമമായ ക്ലോക്ക് റെഡി.
പിന്നീട് ആളുകൾ കൂടുന്നിടത്ത് കൊണ്ടുപോയി വിൽക്കാനായിരുന്നു യുവാവിന്റെ ശ്രമം. ക്ലോക്ക് കണ്ട് അദ്ഭുതത്തോടെ പലരും സമീപിച്ചെങ്കിലും പ്രശംസകൾക്കപ്പുറം വാങ്ങാൻ ആരും തയാറായില്ല. അൽപം മാറ്റങ്ങൾ വരുത്തി വീണ്ടും വിൽപനയ്ക്ക് എത്തിയപ്പോഴും അതുതന്നെ അവസ്‌ഥ. 460 രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവ് ക്ലോക്കുമായി വഴിയിൽ നിന്നത്. കൈകൊണ്ട് കല്ലിൽ നിർമിച്ചെടുത്ത ക്ലോക്കാണെന്ന് കേട്ടതോടെ ഒരു വ്യക്തി താൽപര്യത്തോടെ സമീപിച്ചു. വില ചോദിച്ചപ്പോൾ പെട്ടെന്ന് 5000 എന്നാണ് മറുപടി പറഞ്ഞത്. രണ്ടാമതൊന്നു ആലോചിക്കാതെ അദ്ദേഹം പണം നൽകുകയും ചെയ്തു.