യുഎസിലെ ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ കൊടിമരമായി മാറാനുള്ള തേക്കുമരം കരിങ്കുന്നത്തുനിന്ന്. കരിങ്കുന്നം മലേപ്പറമ്പിൽ ടോമി മാത്യുവിന്റെ പുരയിടത്തിൽനിന്നാണ് തടി കണ്ടെത്തി മുറിച്ചത്. ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2027ൽ നടക്കുന്ന പുനഃപ്രതിഷ്ഠയുടെ ഭാഗമായാണ് ധ്വജപ്രതിഷ്ഠ നടത്തുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ പിന്തുടരുന്ന ക്ഷേത്രമാണിത്.തച്ചുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കണക്കു പ്രകാരമുള്ള തേക്കുമരമാണ് കൊടിമരത്തിനായി കണ്ടെത്തിയത്. കരിയന്നൂർ വാസുദേവൻ നമ്പൂതിരിയുടെയും കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിൽ ഉളികുത്തൽ കർമം നടന്നു. തുടർന്ന്, മരം മുറിച്ചു നിലംതൊടാതെ കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി.കൊടിമരത്തിൻ്റെ ആറു മാസത്തെ തൈലാധിവാസവും നിർമാണ ജോലികളും ഈ ക്ഷേത്രത്തിൽ നടക്കും. ഇതിനുശേഷം കപ്പൽ മാർഗം യുഎസിലേക്കു കൊണ്ടുപോകും.