കുരീപ്പുഴയിൽ 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. 6 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നിരവധി ബോട്ടുകളും ഒരു ഫൈബർ വള്ളവും സ്ഥലത്ത് ഉണ്ടായിരുന്നു. 8 ബോട്ടുകൾ സ്ഥലത്തുനിന്ന് മാറ്റി. അല്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടാകുമായിരുന്നു. ‘‘ രാത്രി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബോട്ടുകൾ പെട്ടെന്ന് കത്തുകയായിരുന്നു. ഗ്യാസ് ആയതിനാൽ ആര്‍ക്കും അടുക്കാനായില്ല. പൊലീസ് എത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ടി. വഴി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്തു’’–നാട്ടുകാരിയായ ഡാലിയ പറഞ്ഞു.
‘‘പ്രദേശവാസികളാണ് തീപിടിക്കുന്നത് കണ്ടത്. പ്രദേശവാസിയായ റോബർട് എന്ന മത്സ്യത്തൊഴിലാളിയുടെ ഇടപെടലാണ് തീപടരുന്നത് കുറയ്ക്കാൻ സഹായകമായത്. പത്ത് ബോട്ടുകളാണ് കത്തിയത്. ഒരു ബോട്ട് നീണ്ടകര സ്വദേശിയുടേയും 9 ബോട്ടുകൾ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുടേയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ബോട്ട് തീരത്ത് നിർത്തി തൊഴിലാളികൾ മടങ്ങിയിരുന്നു. വിശദമായ അന്വേഷണം നടത്തും’’–കലക്ടർ എൻ.ദേവീദാസ് പറഞ്ഞു.