പ്രാവുകളെ മനുഷ്യനിയന്ത്രണത്തിലുള്ള ഡ്രോണുകളാക്കി മാറ്റാനാവുമെന്ന് റഷ്യന്‍ ന്യൂറോ ടെക്‌നോളജി കമ്പനിയായ നെയ്‌റി (Neiry). ജീവനുള്ള പക്ഷികളുടെ മസ്തിഷ്‌കത്തില്‍ ചിപ്പുകള്‍ ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഈ ബയോഡ്രോണ്‍ പീജിയനുകളുടെ പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്ന് കമ്പനി പറഞ്ഞു. നിലവിലുള്ള ആളില്ലാ വിമാനങ്ങളെ പോലെ മനുഷ്യര്‍ക്ക് ഈ പക്ഷികളുടെ പറക്കല്‍ നിയന്ത്രിക്കാനാവുമെന്ന് നെയ്‌റി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ഇതിനായി പ്രാവുകള്‍ക്ക് പ്രത്യേക പരിശീലനമൊന്നും നല്‍കേണ്ടതില്ല. ചെറിയ ശസ്ത്രക്രിയയിലൂടെ ചിപ്പ് ഘടിപ്പിച്ച് കഴിഞ്ഞാല്‍ ദൂരെയിരുന്ന് പ്രാവുകളെ നിയന്ത്രിക്കാനാവും. ചിപ്പിന്റെ സഹായത്തോടെ പക്ഷിയുടെ മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളില്‍ ഉത്തേജനം നല്‍കുകയും ഏത് ദിശയില്‍ പറക്കണം എന്ന ആഗ്രഹം പക്ഷികളില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ചിപ്പ് ഘടിപ്പിച്ചാലും പക്ഷികള്‍ക്ക് സാധാരണ പോലെ ജീവിക്കാനാകുമെന്നത് ഇതിന്റെ സവിശേഷതയാണ്. പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സമയപരിധി, ദൂരപരിധി എന്നിവയുടെ കാര്യത്തിലെല്ലാം സാധാരണ മെക്കാനിക്കള്‍ ഡ്രോണുകളേക്കാള്‍ മികച്ചതായിരിക്കും ഈ ബയോഡ്രോണുകളെന്ന് കമ്പനി അവകാശപ്പെടുന്നു.
നഗര പ്രദേശങ്ങളില്‍ ഇവ ഏറെ ഉപയോഗപ്രദമാണ്. തടസങ്ങള്‍ നീക്കി മുന്നേറാനുള്ള സ്വാഭാവികമായ കഴിവ് പ്രാവുകള്‍ക്കുണ്ടെന്നും കമ്പനി പറയുന്നു. പറക്കുന്നതിനിടെ ഒരു ബയോഡ്രോണ്‍ താഴെ വീഴാനുള്ള സാധ്യത ഒരു പക്ഷി താഴെ വീഴാനുള്ള സാധ്യത പോലെ തന്നെയാണെന്നും നെയ്‌റി കൂട്ടിച്ചേര്‍ത്തു.
പക്ഷിയുടെ പുറത്ത് ഘടിപ്പിച്ച സ്റ്റിമൂലേറ്ററുമായി ബന്ധിപ്പിച്ച ഇലക്ട്രോഡുകളാണ് ഈ സാങ്കേതിക വിദ്യയ്ക്കായി കമ്പനി ഉപയോഗിക്കുന്നത്. കണ്‍ട്രോളറില്‍ നിന്ന് അയക്കുന്ന സിഗ്നലുകള്‍ ഇടത്തോട്ടും വലത്തോട്ടും പറക്കാനുള്ള പക്ഷിയുടെ ആഗ്രഹത്തെ വരുതിയിലാക്കുന്നു. ഈ സംവിധാനത്തില്‍ ജിപിഎസ് ഉള്ളതിനാല്‍ പക്ഷിയുടെ തത്സമയ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനുമാവും. ഒരുകൂട്ടം പക്ഷികളെ ഇതുവഴി നിയന്ത്രിക്കാനാവുമെന്നും കമ്പനി പറയുന്നു.
പിജെഎന്‍-1 ബയോഡ്രാണ്‍ ഘടിപ്പിച്ച ഒരു പ്രാവിന് ദിവസം 498 കിമീ വരെ പറക്കാനാവുമെന്നുമാണ് നെയ്‌റി അവകാശപ്പെടുന്നത്. സ്ഥിരമായ സൂര്യപ്രകാശം ലഭിച്ചാല്‍ പക്ഷിക്ക് ഒരാഴ്ച 2977 കിമി വരെ സഞ്ചരിക്കാവുമെന്നും കമ്പനി അവകാശപ്പെട്ടു.'നിലവില്‍ ഈ സാങ്കേതിക വിദ്യ പ്രാവുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏത് പക്ഷിയേയും ഇതിനായി ഉപയോഗിക്കാം. ഭാരമുള്ള വസ്തുക്കള്‍ വഹിക്കാന്‍ റാവെന്‍ (Raven) പക്ഷികളെ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. കടല്‍ കാക്കകളെ തീരദേശ നിരീക്ഷണത്തിനായി ഉപയോഗിക്കാനാവും. ആല്‍ബട്രോസ് പക്ഷികളെ മുഴുവന്‍ സമുദ്രമേഖല നിരീക്ഷിക്കാനും ഉപയേഗപ്പെടുത്താം.' നെയ്‌റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ അലക്‌സാണ്ടര്‍ പാനോവ് പറഞ്ഞു.