ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മരിച്ച 11 പേരുടെ കുടുംബാംഗങ്ങൾക്കും 10 ലക്ഷം രൂപ നൽകുമെന്ന് ആർസിബി അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്.
ബെംഗളൂരുവിൽ നടന്ന ദൗർഭാഗ്യകരമായ സംഭവം വളരെയധികം ദുഃഖവും വേദനയും ഉണ്ടാക്കിയതായി ആർസിബി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. മരണപ്പെട്ട പതിനൊന്നുപേരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി 'ആർസിബി കെയേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ഒരു ഫണ്ട് രൂപീകരിക്കുന്നതായും ടീം അറിയിച്ചു.
ബുധനാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ വിധാൻ സൗധയിലേക്കാണ് വിരാട് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാന സർക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. വിധാൻസൗധയിൽനിന്ന് താരങ്ങൾ സമീപത്തുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കെയാണ് സ്റ്റേഡിയത്തിൻ്റെ കവാടത്തിനുമുന്നിൽ തിക്കുംതിരക്കുമുണ്ടായത്. പലരും കുഴഞ്ഞുവീണു. ഇവർക്കുമുകളിലേക്ക് കൂടുതൽ ആളുകൾ വീണതോടെ സ്ഥിതി ഗുരുതരമായി. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്.