Drisya TV | Malayalam News

സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ കണ്ണു മാറി ചികിത്സ നല്‍കി, ഡോക്ടർക്ക് സസ്‌പെന്‍ഷൻ 

 Web Desk    4 Jun 2025

സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ കണ്ണു മാറി ചികിത്സ നല്‍കിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണു മാറി കുത്തിവയ്പ് എടുത്തുവെന്ന പരാതിയില്‍ അസി. പ്രഫസര്‍ എസ്.എസ്.സുജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുത്തത്. 

രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്‌നമുണ്ടായതിനാണ് അസൂര്‍ ബീവി ചികിത്സ തേടിയത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി ഇടതുകണ്ണ് ക്ലീന്‍ ചെയ്തുവെങ്കിലും പിന്നീട് വലതുകണ്ണിലാണ് കുത്തിവയ്പ് എടുത്തതെന്ന് അസൂര്‍ ബീവിയുടെ ബന്ധു പറഞ്ഞു. രോഗിയെ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് സംഭവം അറിഞ്ഞത്. 

ഇക്കാര്യം ചോദിച്ചപ്പോള്‍ വലതു കണ്ണില്‍ ചെറിയ ചുവപ്പുള്ളതുകൊണ്ടാണ് കുത്തിവയ്പ് എടുത്തതെന്നാണ് പറഞ്ഞതെന്നും ബന്ധു പറഞ്ഞു. ഇടതുകണ്ണില്‍ കുത്തിവയ്പ് എടുക്കാനാണ് സമ്മതപത്രം വാങ്ങിയിരുന്നത്. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News