ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കസ്‌തൂരിരംഗൻ (84) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒൻപതു വർഷക്കാലം ഐ.എസ്.ആർ.ഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സർക്കാരിൻ്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1994 മുതൽ 2003 വരെ ഒൻപത് വർഷം ഐഎസ്ആർഒ ചെയർമാനായി സേവനമനുഷ്ഠിച്ചു.2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. തുടർന്ന് 2003 മുതൽ 2009 വരെ രാജ്യസഭാ എം.പി.യായി. രാജ്യം പദ്‌മശ്രീ, പദ്‌മഭൂഷൺ, പദ്‌മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു. ഇന്ത്യയുടെ പ്ലാനിങ് കമ്മിഷൻ അംഗവും ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ജവാഹർലാൽ നെഹ്റു സർവകലാശാല ചാൻസലർ, കർണാടക നോളജ് കമ്മിഷൻ ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര-1, ഭാസ്ക്‌കര-2 എന്നിവയുടെ പ്രൊജക്ട‌് ഡയറലായും സേവനമനുഷ്ഠിച്ചു. പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണങ്ങൾ പോലുള്ള പ്രധാന നാഴികക്കല്ലുകൾക്കും നേതൃത്വം നൽകി.