ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാൻ കഴിയുന്ന ബാറ്ററി ബാറ്ററി വികസിപ്പിച്ച് സ്വീഡനിലെ ശാസ്ത്രജ്ഞർ. അടുത്ത തലമുറയിലെ ഗാഡ്ജെറ്റുകളിലും മെഡിക്കൽ ഉപകരണങ്ങളിലും റോബോട്ടുകളിലുമടക്കം വലിയ മാറ്റങ്ങൾക്ക് കാരണമാകാൻ ഇടയുള്ള കണ്ടുപിടിത്തമെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. വലിച്ചുനീട്ടാൻ കഴിയുന്ന ബാറ്ററി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നു. അതിൽനിന്ന് വ്യത്യസ്തമാണിത്.
കാഠിന്യമില്ലാത്ത തരത്തിലുള്ള ബാറ്ററി വികസിപ്പിക്കാൻ സാധിച്ചിരിക്കുന്നുവെന്ന് സയൻസ് ജേർണലിൽ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ ഐമാൻ റഹ്‌മാനുദീൻ പറഞ്ഞു. ടൂത്ത് പേസ്റ്റ് പോലെ തോന്നിക്കുമിത്. ഒരു ത്രീ ഡി പ്രിന്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രൂപത്തിലേക്ക് അതിനെ മാറ്റാം. ഗവേഷകർ വികസിപ്പിച്ച ബാറ്ററിയുടെ പ്രോട്ടോടൈപ്പ് 500 തവണയിലേറെ ചാർജ് ചെയ്തും ഡിസ്‌ചാർജ് ചെയ്തും പരീക്ഷണം നടത്തിയിരുന്നു. അതനുശേഷവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ളതിന്റെ ഇരട്ടിയോളം വലിച്ചുനീട്ടാം. അപ്പോഴും അത് പ്രവർത്തിക്കും. നിലവിലെ അവസ്ഥയിൽ ഈ ബാറ്ററി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയില്ല.ഒരു വോൾട്ട് മാത്രമേ സംഭരിക്കാൻ കഴിയൂ എന്നതാണ് ഇതിനുകാരണം. സാധാരണ കാർ ബാറ്ററിയിൽ സംഭരിക്കാൻ കഴിയുന്നതിന്റെ എട്ട് ശതമാനം മാത്രം. എന്നാൽ ഇതിന്റെ ശേഷി പിന്നീട് ഉയർത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.