സിപിഎം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഒരു മാസത്തിനുള്ളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.ബിജെപിയിലേക്കുള്ള തൻ്റെ പ്രവേശനം വ്യക്തിപരമായ സ്ഥാനമാനങ്ങൾക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വേണ്ടിയല്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. താൻ അത്തരത്തിലുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മൂന്നാറിലെയും ദേവികുളം മണ്ഡലത്തിലെയും പൊതുവായ ചില ആവശ്യങ്ങൾ ബിജെപി നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ഒരു സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് രാജേന്ദ്രൻ രൂപം നൽകുന്നുണ്ട്. തൊഴിലാളികൾക്ക് വായ്പാ സൗകര്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്ന ഈ സൊസൈറ്റി വഴി മലയോര മേഖലയിൽ ശക്തമായ അടിത്തറ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഈ സഹകരണ സൊസൈറ്റിയുടെ ഉദ്ഘാടനം അടുത്ത മാസത്തോടെ നടക്കും. ആ ചടങ്ങിൽ വെച്ച് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.