ഇന്ത്യയിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ഗഭ്രുജി ഇന്ത്യയെ കുറിച്ച് വൈകാരികമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.ഇന്ത്യയോടുള്ള ഇഷ്ടം പ്രകടമാക്കിക്കൊണ്ട് പങ്കുവെച്ച വീഡിയോയിൽ തനിക്കും ഒരു ആധാർ കാർഡ് വേണമെന്ന് ഗഭ്രുജി പറയുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോയിൽ ഇന്ത്യയിലെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ എടുത്തു പറഞ്ഞ വ്ളോഗർ, രാജ്യത്തെ ജനങ്ങളുടെ സ്നേഹത്തെയും അതിഥി സൽക്കാരത്തെയും ഏറെ പ്രശംസിച്ചു.
"എന്റെ പേര് ഗഭ്രുജി എന്നാണ്, എനിക്കൊരു ആധാർ കാർഡ് വേണം. അത് എന്തിനാണെന്ന് പറയാം. ഇന്ത്യയിൽ എനിക്ക് ഇനി വെറും 8 മണിക്കൂർ കൂടി മാത്രമേ ബാക്കിയുള്ളൂ, സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ കരച്ചിൽ വരുന്നുണ്ട്. ഇതിനുമുമ്പ് ഇങ്ങനെയൊരു വീഡിയോ എടുത്തപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി," ഒരു ബൈക്കിന് പിന്നിലിരുന്ന് റെക്കോർഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
"ഈ രാജ്യത്തെ ഓരോ കാര്യങ്ങളും എന്നെ അത്രമേൽ സ്വാധീനിക്കുകയും സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ വെളുത്ത വർഗ്ഗക്കാരനായതുകൊണ്ട് നിങ്ങൾക്ക് എല്ലാം ഉണ്ടെന്ന് അവർ കരുതുന്നുണ്ടാകാം. പക്ഷേ അല്ല, യഥാർത്ഥത്തിൽ അവർക്കാണ് (ഇന്ത്യക്കാർക്കാണ്) എല്ലാം ഉള്ളതെന്ന് ഞാൻ കരുതുന്നു. ഈ രാജ്യത്ത് എല്ലാമുണ്ട്."
"നിങ്ങളുടെ വീട് വൃത്തിയാക്കാൻ ആളെ വേണോ? അവർക്ക് അതിനു സൗകര്യമുണ്ട്. നിങ്ങളെ ഒരു മോട്ടോർ സൈക്കിളിൽ നടപ്പാതയിലൂടെ കൊണ്ടുപോകാൻ ആളെ വേണോ? അതിനും ഇവിടെ സൗകര്യമുണ്ട്. ദിവസത്തിന്റെ ഏത് സമയത്തും തെരുവ് ഭക്ഷണം (Street food) വേണോ? അതും ഇവിടെയുണ്ട്."
ഇനിയും കാണുംവരെ ഇന്ത്യയെ മിസ് ചെയ്യുമെന്നും നന്ദി പറയുന്നുവെന്നും ഗഭ്രുജി പറഞ്ഞു.വൻസ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. 26 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.