Drisya TV | Malayalam News

പബ്ലിക് ടോയ്ലറ്റിലിരുന്ന് പുകവലിച്ചാൽ ഗ്ലാസ് സുതാര്യമാകും,പുതിയടെക്നോളജിയുമായി ചൈന 

 Web Desk    1 Jan 2026

പുകവലിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ടോയ്ലറ്റിൽ കയറി മണിക്കൂറുകൾ ചെലവിടുന്നവരുണ്ട്. പൊതുശൗചാലയങ്ങൾ പോലും ഇവർ പുകവലിക്കായി ഉപയോഗിക്കും.പൊതുഇടങ്ങളിലെ പുകവലി നിയന്ത്രിക്കാൻ ഒരു കടുംകൈ പ്രയോഗിച്ചിരിക്കുകയാണ് ചൈനയിലെ മാൾ ഉടമകൾ.

ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ രണ്ട് ജ്വല്ലറി മാളുകളായ ഷെൻഷെൻസ് ഷുയിബെയ്, ഷുയിബെയ് ജിൻസുവോ കെട്ടിടങ്ങളിലെ ശൗചാലയങ്ങളിൽ കയറി പുകവലിച്ചാൽ അത് നാട്ടുകാർ മുഴുവൻ ലൈവായി കണ്ട് മാനം പോകും.പ്രത്യേക സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച ഒരു വിൻഡോ ഗ്ലാസാണ് സംഗതി. ആദ്യ കാഴ്ചയിൽ സൗകാര്യത ഉറപ്പാക്കുന്ന സാധാരണ ഗ്ലാസാണെന്ന് തോന്നും. പക്ഷേ അകത്തുകയറി പുകവലിച്ചാൽ കഥ മാറും.മുറിക്കുള്ളിൽ പുകയുണ്ടെങ്കിൽ അത് തിരിച്ചറിയാനുള്ള കഴിവ് ഗ്ലാസ്സിനുണ്ട്. പുക കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ ഗ്ലാസ്സ് സുതാര്യമാവും. അകത്തു നിൽക്കുന്നയാൾ എന്തു ചെയ്യുന്നുവെന്ന് പുറത്തുള്ളവർക്ക് വ്യക്തമായി കാണാനാകും.

ഇക്കാര്യം ശുചിമുറികൾക്കു വെളിയിൽ എഴുതി വച്ചിട്ടുമുണ്ട്. 'നിങ്ങൾ പുകവലിച്ചാൽ ഗ്ലാസ് സുതാര്യമാകും. ഓൺലൈനിൽ കുപ്രശസ്തനാകാൻ താൽപര്യമില്ലെങ്കിൽ പുകവലിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കുക.' ഇത് വായിക്കുന്ന ഏതൊരാളും ബാത്റൂമിലിരുന്ന് പുകവലിക്കാനുള്ള പ്ലാനിൽനിന്ന് പിന്തിരിയുമെന്ന് ഉറപ്പ്.

പുകവലിക്കരുതെന്ന മുന്നറിയിപ്പ് ബോർഡുകളും പിഴ ഈടാക്കലുമൊന്നും ഫലം കാണാതെ വന്നതോടെയാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പദ്ധതി നടപ്പാക്കിയത്.പുക വന്നാൽ മാത്രമേ ഗ്ലാസ് പ്രവർത്തിക്കൂ എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി അബദ്ധത്തിൽ അത് സജീവമായാൽ പഴയപടിയാകാൻ ഒരു റീസെറ്റ് ബട്ടൺ ഉൾപ്പെടുത്തുന്നുമുണ്ട്.

  • Share This Article
Drisya TV | Malayalam News