ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ. വിശ്വാസവഞ്ചന, വസ്‌തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമാണത്തിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്. അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിർമാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ദ്വാരപാലക ശിൽപ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നു, സ്വർണം ചെമ്പാക്കിയ മഹസറിൽ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.