Drisya TV | Malayalam News

പുതുവർഷത്തിൽ മൂന്നാറിൽ ചുറ്റി കറങ്ങാൻ രണ്ടാമത്തെ ഡബിൾ ഡെക്കർ ബസും എത്തി

 Web Desk    2 Jan 2026

പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി. വിനോദസഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും.രാവിലെ എട്ടിന് എംഡി പി.എസ്. പ്രമോജ്ശങ്കർ ഉദ്ഘാടനം ചെയ്യും. ഇതിനായി കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിലെത്തിച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസാണ് ഇതും.ദിവസേന മൂന്ന് സർവീസുകളാണ് നടത്തുന്നത്. രാവിലെ 8.00, 11.30, വൈകീട്ട് 3.00 എന്നിങ്ങനെയാണ് സമയക്രമം. മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരികെ ഡിപ്പോയിലെത്തും.

രണ്ടു ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകളുടെ ക്രമീകരണം. പുറംകാഴ്ചകൾ പൂർണമായി കാണാവുന്ന രീതിയിൽ മൂന്നാറിനായി പ്രത്യേകം രൂപകൽപ്പനചെയ്ത ബസുകളാണിവ. ടിക്കറ്റുകൾ ഓൺലൈനായി ബുക്കുചെയ്യാം.

  • Share This Article
Drisya TV | Malayalam News