Drisya TV | Malayalam News

ശബ്ദത്തിന്റെ 5 മടങ്ങ് വേഗം,ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുമായി ഇന്ത്യ 

 Web Desk    10 Jan 2026

ഇന്ത്യയുടെ കൈയ്യിലിപ്പോൾ ലോകത്തെ വിറപ്പിക്കാൻ സ്വന്തം വജ്രായുധത്തിന്റെ കരുത്തുണ്ട്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പാഞ്ഞ്, ഏത് ലക്ഷ്യവും തകർത്തെറിയാൻ കെൽപ്പുള്ള ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ ഇന്ത്യ ചരിത്രമെഴുതിയിരിക്കുകയാണ്.

ശബ്ദത്തിന്റെ 5 മടങ്ങ് വേഗതയിൽ (Mach 5+, ഏകദേശം 6100 km/h-ന് മുകളിൽ) സഞ്ചരിക്കാനും റഡാറുകൾക്ക് പോലും പിടികൊടുക്കാതെ ലക്ഷ്യങ്ങൾ തകർക്കാനും കഴിവുള്ള ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കുള്ള സാങ്കേതികവിദ്യയിൽ ഇന്ത്യ മുന്നേറുകയാണ്.

12 മിനിറ്റിലധികം നീണ്ടുനിന്ന 'അഗ്നിപരീക്ഷ' വിജയിച്ചതോടെ പ്രതിരോധരംഗത്ത് ഇന്ത്യ വൻശക്തിയായി മാറിയിരിക്കുന്നു. റഡാറുകൾക്ക് പോലും പിടികൊടുക്കാതെ കുതിക്കാൻ കെൽപ്പുള്ള സ്ക്രാംജെറ്റ് എൻജിന്റെപരീക്ഷണമാണ് ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയത്.

ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗത്തിൽ (ഹൈപ്പർസോണിക്) സഞ്ചരിക്കാൻ സഹായിക്കുന്ന അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). സാധാരണ ജെറ്റ് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി,വായുവിനെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ ഇതിൽ കറങ്ങുന്ന ഫാനുകളോ കംപ്രസ്സറുകളോ ഇല്ല. പകരം, വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്. റോക്കറ്റുകളെപ്പോലെ ഓക്സിജൻ ടാങ്കുകൾ ചുമക്കേണ്ടതില്ലാത്തതിനാൽ ഭാരം കുറവായിരിക്കുമെന്നതും കൂടുതൽ ദൂരം സഞ്ചരിക്കാനാകുമെന്നതുമാണ് സ്ക്രാംജെറ്റിന്റെ പ്രധാന സവിശേഷത. അന്തരീക്ഷ വായു 'ശ്വാസിച്ച്' പ്രവർത്തിക്കുന്നതിനാൽ ഇവയെ 'എയർ ബ്രീത്തിങ് എൻജിൻ' എന്നും വിളിക്കുന്നു.

വെള്ളിയാഴ്ച (ജനുവരി 9, 2026) ഹൈദരാബാദിലെ ഡിആർഡിഎൽ ലബോറട്ടറിയിൽ നടന്ന ഈ പരീക്ഷണം ഇന്ത്യയുടെ എയ്റോസ്പേസ് കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു.

  • Share This Article
Drisya TV | Malayalam News