ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർ അറസ്റ്റിലായി. രാവിലെ എസ്‌ഐടി ചോദ്യം ചെയ്യലിന് വിളിപ്പിച്ച തന്ത്രിയെ തുടർന്ന് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയെ രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
തന്ത്രി കണ്ഠരര് രാജീവരർക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നതിന് എസ്‌ഐടിക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2018 മുതൽ ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും അവിടെ സ്വാധീനം ഉറപ്പാക്കാൻ സഹായിച്ചതും തന്ത്രിയാണെന്ന വിവരവും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.
നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി പലപ്പോഴും തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്തുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ നിർദ്ദേശങ്ങൾ പ്രകാരം തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഗൂഢാലോചനയിൽ തന്ത്രി കണ്ഠരര് രാജീവരർക്കു വ്യക്തമായ പങ്കുണ്ടെന്നും സ്വർണക്കൊള്ളയെക്കുറിച്ച് തന്ത്രിക്ക് പൂർണ്ണ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
എ. പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവരർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ അറിഞ്ഞുകൊണ്ട് ചേർന്ന് നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് എസ്‌ഐടി വിലയിരുത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ വിവിധ സ്ഥലങ്ങളിൽ ശിപാർശ ചെയ്തത് തന്ത്രിയാണെന്ന മൊഴിയും ചില ക്ഷേത്ര ഭാരവാഹികൾ എസ്‌ഐടിക്ക് നൽകിയിട്ടുണ്ട്.