Drisya TV | Malayalam News

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ 

 Web Desk    9 Jan 2026

വെള്ളിയാഴ്ച‌ പുലർച്ചെ എസ്ഐടി ഓഫീസിൽ, മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ, ഒടുവിൽ ഉച്ചകഴിഞ്ഞ് അറസ്റ്റും.ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി നടത്തിയ നിർണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്ഐടിയുടെ മുന്നിൽ ഹാജരായത്. സഹായിയായ നാരായണൻ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യൽ മണിക്കൂറുകൾനീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നത്.

ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതുമുതൽ സംശയനിഴലിലുണ്ടായിരുന്ന പേരുകളിൽ ഒന്നായിരുന്നു കണ്ഠ‌രര് രാജീവരുടേതും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുൻ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാർ മൊഴിനൽകിയതോടെ കുരുക്ക് മുറുകി. മാത്രമല്ല, സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ ഉയർന്നു. നേരത്തേ തന്ത്രിമാരായ കണ്ഠരര് രാജീവരിൽനിന്നും കണ്ഠരര് മോഹനരിൽനിന്നും എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.

സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണത്തിനിടെ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് മൊഴിയെടുത്തപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നുതന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. ശബരിമലയിൽ ഒട്ടേറെ വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്നനിലയിലും പൂജാരിയുടെ സഹായി എന്നനിലയിലും പോറ്റിയെ പരിചയമുണ്ടെന്നായിരുന്നു രാജീവരുടെ മൊഴി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോർഡിന്റെ തീരുമാനപ്രകാരമാണ്. സ്വർണപ്പാളികൾ പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്‌തതെന്നും ഇക്കഴിഞ്ഞ നവംബറിൽ തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നൽകി. അതേസമയം, പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്നും കണ്ഠരര് രാജീവര് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News