Drisya TV | Malayalam News

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ഇന്നും ചോദ്യം ചെയ്തു

 Web Desk    9 Jan 2026

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയെ ഇന്നും ചോദ്യം ചെയ്തു. ഈഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇന്നത്തേയും ചോദ്യം ചെയ്യല്‍. സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ജയശ്രീ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.

ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടാനുള്ള ഉത്തരവിറക്കിയത് ജയശ്രീയാണ്. ഈ തീരുമാനം സംബന്ധിച്ച് ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരുന്നത്. ബോര്‍ഡ് യോഗത്തിന്റെ തീരുമാനം അനുസരിച്ചു ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ജയശ്രീയുടെ വാദം.

കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഡി മണി തിരുവനന്തപുരത്ത് വന്നതില്‍
ദുരൂഹത ഇല്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശ് ചെന്നിത്തല ബന്ധപ്പെടുത്തിയ വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ചെന്നൈയിലും, ഡിണ്ടിഗലിലും വരെ പരിശോധന നീണ്ടു. എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണ് വന്നതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News