Drisya TV | Malayalam News

റോഡ് സുരക്ഷ വർധിപ്പിക്കാൻ സുപ്രധാന നീക്കവുമായി ഇന്ത്യ

 Web Desk    9 Jan 2026

റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് രാജ്യത്ത് വൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന (V2V) സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്. 2026-ന്റെ അവസാനത്തോടെ പദ്ധതി നടപ്പാക്കും. ഇതോടെ നെറ്റ്‌വർക്ക് ഇല്ലാതെതന്നെ വാഹനങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാർഷിക യോഗത്തിനുശേഷം കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. യോഗത്തിൽ വിഷയം ചർച്ച ചെയ്തുവെന്നും പദ്ധതി ഉടൻതന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന മറ്റുവാഹനങ്ങൾ ഇടിക്കുന്നതും മൂടൽമഞ്ഞും പോലുള്ള സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളും തടയാൻ ഈ സംവിധാനം ഫലപ്രദമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മറ്റൊരു വാഹനം അപകടകരമായ രീതിയിൽ തൊട്ടടുത്തെത്തുമ്പോൾ വാഹനങ്ങൾ പരസ്പരം സിഗ്‌നലുകൾ കൈമാറുകയും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം സെക്രട്ടറി വി ഉമാശങ്കർ മാധ്യമങ്ങളോട് സംസാരിക്കവെ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി. ഈ സംരംഭം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യ നിലവിൽ ഉപയോഗിക്കുന്നത്. ഈ പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിന് പണം നൽകേണ്ടിവരും. എന്നാൽ ഓരോ വാഹന ഉടമയ്ക്കും എത്ര ചെലവ് വരുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026-ന്റെ അവസാനത്തോടെ പദ്ധതി വിജ്ഞാപനം ചെയ്യാൻ ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നു. അതിനുശേഷം എല്ലാ വാഹനങ്ങളിലും ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നത് ആരംഭിക്കും. തുടക്കത്തിൽ, ഉപകരണങ്ങൾ പുതിയ വാഹനങ്ങളിൽ മാത്രമായിരിക്കും ഘടിപ്പിക്കുന്നത്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായി (ADAS) ചേർന്ന് പ്രവർത്തിക്കുന്നതാണ് V2V ആശയവിനിമയ സംവിധാനം. ചില പ്രീമിയം എസ്‌യുവികളിൽ ഇതിനകം സമാനമായ സാങ്കേതികവിദ്യയുണ്ട്. എന്നാൽ അത് സെൻസറുകളിൽ പ്രവർത്തിക്കുന്നതാണ്. പദ്ധതി നടപ്പാക്കിയതിനുസേഷം അത്തരം വാഹനങ്ങൾ പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.

  • Share This Article
Drisya TV | Malayalam News