കിടക്കയിൽ മൂത്രമൊഴിച്ചെന്നു പറഞ്ഞു 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച കേസിൽ വളർത്തമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (റൂബി-35) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛൻ നേപ്പാൾ സ്വദേശിയായ മുഹമ്മദ് ഇംത്യാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇംത്യാസിന്റെ രണ്ടാം വിവാഹമാണിത്.
ഡിസംബർ രണ്ടിനാണ് സംഭവം നടന്നത്. ഇന്നലെ അങ്കണവാടി അധ്യാപികയാണു കുട്ടിയുടെ സ്വകാര്യ ഭാഗത്തു പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടി ഇരിക്കാനാവാതെ പ്രയാസപ്പെടുന്നതു കണ്ട് അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് വളർത്തമ്മ പൊള്ളലേൽപ്പിച്ചെന്ന് കുട്ടി പറഞ്ഞത്. ഇവർ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു.