ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പ്രഖ്യാപിച്ച കനത്ത പകരംതീരുവയുടെ ഭാവി ഇന്നറിയാം. ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് 2 കീഴ്ക്‌കോടതികൾ വിധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് സമർപ്പിച്ച അപ്പീലിന്മേലുള്ള വിധിയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.തീരുവകൾ നിൽനിൽക്കുമോ എന്ന സംശയം നേരത്തേ വാദംകേട്ടപ്പോൾ സുപ്രീം കോടതിയും ഉന്നയിച്ചിരുന്നു.
സുപ്രീം കോടതി വിധിയും എതിരായാൽ ട്രംപിന് അത് രാജ്യാന്തരതലത്തിൽ തന്നെ വലിയ ആഘാതവും നാണക്കേടുമാകും. ഇതിനകം തീരുവയായി പിരിച്ചെടുത്ത തുകയെല്ലാം അതത് കമ്പനികൾക്ക് തിരിച്ചുംകൊടുക്കേണ്ടി വരും.
സുപ്രീം കോടതിയും തീരുവ അസാധുവാക്കിയാൽ യുഎസിന് അതു വൻ സാമ്പത്തിക ദുരന്തമാകുമെന്നും മൂന്നാംനിര രാജ്യമായി അധഃപതിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ആയുധമാക്കി ട്രംപ് നേടാൻ ശ്രമിക്കുന്ന മേധാവിത്തത്തിന്റെയും അടിവേരിളകും.എന്നാൽ, സുപ്രീം കോടതി വിധി എതിരായാലും തീരുവ ചുമത്തുന്നത് തുടരാൻ പ്രസിഡന്റിനെ അനുവദിക്കുന്ന വേറെയും ചട്ടങ്ങളുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.