Drisya TV | Malayalam News

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി

 Web Desk    7 Jan 2026

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാറിന്റെ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ വിധി പറഞ്ഞത്. അതേസമയം, സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും വീണ്ടും ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കും നൽകിയ ജാമ്യപേക്ഷകൾ ഈ മാസം 14ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. എ. പദ്മകുമാർ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇതിനെക്കുറിച്ച് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും, നിലവിൽ ജാമ്യം അനുവദിച്ചാൽ കേസിന് തിരിച്ചടിയാകുമെന്ന അന്വേഷണസംഘത്തിന്റെ നിലപാടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

തട്ടിപ്പ് നടത്താനുള്ള ഉദ്ദേശത്തോടെ എ. പദ്മകുമാർ ബോധപൂർവ്വം മിനുട്ട്സിൽ തിരുത്തൽ വരുത്തിയതാണെന്ന് എസ്‌ഐടി കോടതിയിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളികൾ നൽകാൻ തന്ത്രി അനുമതി നൽകിയെന്ന എ. പദ്മകുമാറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ അറസ്റ്റിലായ ആര്ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവർ കസ്റ്റഡിയിൽ തുടരണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ വ്യാപാരി ഗോവർധനനിൽ നിന്ന് കണ്ടെത്തിയ സ്വർണം ശബരിമലയിലേതാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടാൽ, സ്വർണം വീണ്ടെടുക്കാനുള്ള നടപടികളുടെ ആദ്യഘട്ടമായി അത് മാറും.

  • Share This Article
Drisya TV | Malayalam News