ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷിചേര്‍ത്ത് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതയ്ക്ക് കോടതി രണ്ടാഴ്ച സമയം നല്‍കി. ഹര്‍ജി ഈ മാസം 21ന് കോടതി പരിഗണിക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ കേസില്‍ മൂന്നാം തവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. രാഹുലിന് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം തുടരും. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ പരാതിക്കാരി അപേക്ഷ സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. താന്‍ സമാനതകളില്ലാത്ത സൈബര്‍ അതിക്രമം നേരിടുന്നുവെന്നും പ്രതിയുടെ സുഹൃത്തുക്കളില്‍ നിന്നും അനുയായികളില്‍ നിന്നും തന്റെ ജീവന് വരെ ഭീഷണി ഉണ്ടാകുന്നുവെന്നുമാണ് അതിജീവിത കോടതിയെ അറിയിച്ചിരുന്നത്.