Drisya TV | Malayalam News

സ്കൂള്‍ മാരത്തോണില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയതിന് പിന്നാലെ 15വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

 Web Desk    5 Jan 2026

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസാരിയിൽ സ്‌കൂൾ മാരത്തോണിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയതിന് പിന്നാലെ 15വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു.ശനിയാഴ്‌ച വെൽജിയിലെ ഭാരതി അക്കാദമി ഇംഗ്ലീഷ് സ്‌കൂളിൽ കായിക ദിനം ആഘോഷിക്കുന്നതിനിടെയാണ് പത്താം ക്ലാസുകാരി മരിച്ചത്. ഉംബർഗാവ് നിവാസിയായ റോഷ്‌നി ഗോസ്വാമിയാണ് മരിച്ചത്.മാരത്തോൺ ഓട്ടം പൂർത്തിയാക്കിയ ശേഷം കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങിയെന്നും തുടർന്ന് നിലത്തിരുന്ന കുട്ടി ബോധരഹിതയാകുകയുമായിരുന്നെന്ന് സ്കൂൾ അധികൃതർ പറയുന്നു.

റോഷ്നിക്ക് പ്രാഥമിക ചികിത്സ നൽകാൻ അധ്യാപകർ ശ്രമിച്ചു. സ്‌കൂൾ ജീവനക്കാർ വാഹനത്തിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും അവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.കുട്ടിക്ക് ഹൃദയാഘാതമുണ്ടായതായാണ് സംശയിക്കുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രാകേഷ് ശർമ്മ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, റോഷ്‌നി എന്നത്തെയും പോലെയാണ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയതെന്ന് അമ്മ സുനിതാബെൻ ഗോസ്വാമി പറഞ്ഞു. പതിവ് സമയത്ത് ഉണരുകയും, ശരിയായി ഭക്ഷണം കഴിക്കുകയും, ഉച്ചഭക്ഷണം ടിഫിൻ ബോക്സിൽ പായ്ക്ക് ചെയ്ത് സ്കൂളിലേക്ക് പോകുകയും ചെയ്തിരുന്നു. മാരത്തോൺ മത്സരമുണ്ടെന്ന് പറഞ്ഞ് കാൽ തൊട്ട് അനുഗ്രഹം വാങ്ങി.എന്നാൽ ഉച്ചക്ക് ശേഷമാണ് അവളുടെ മരണവാർത്ത ഞങ്ങളെ അറിയിച്ചതെന്നും കുടുംബം പറയുന്നു.

അതേസമയം, സംഭവത്തിൽ സ്‌കൂളിനെതിരെയും വിമർശനമുയരുന്നുണ്ട്. കൃത്യമായ പ്രഥമശുശ്രൂഷയോ, ഡോക്ടർമാരുടെയോ, ആംബുലൻസുകളുടെയോ സഹായമോ ഇല്ലാതെ ചൂടുള്ള കാലാവസ്ഥയിലാണ് ഇത്തരം കടുപ്പമേറിയ കായിക മത്സരങ്ങൾ നടത്തുന്നതെന്നാണ് വിമർശനം.കുട്ടികളിലെ ജലാംശം, പോഷകാഹാര അളവ് എന്നിവ പരിശോധിക്കുന്നതിനായി മുൻകൂർ മെഡിക്കൽ പരിശോധനയോ ശാരീരിക പരിശോധനയോ ഇല്ലാതെയാണ് പലപ്പോഴും വിദ്യാർഥികൾ ദീർഘദൂര ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത‌തിട്ടുണ്ടെന്ന് ഘോൾവാദ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News