Drisya TV | Malayalam News

ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു 

 Web Desk    3 Jan 2026

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത‌്‌ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 70 (2), 103 (1), പോക്സോ വകുപ്പിലെ സെക്ഷൻ 5(എം), ആറ് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന രാജു, വീരു കാശ്യപ് എന്നിവരാണ് ക്രൂരകൃത്യം നടത്തിയതെന്നും കുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ പറഞ്ഞിരുന്നു.

ഓപ്പൺ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കെട്ടിടത്തിന്റെ പിന്നിലുള്ള വയലിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പ്രതികൾ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് തനിക്ക് സംശയമുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. അതിനിടെ സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പ്രതികളുണ്ടെന്ന് വിവരം ലഭിച്ചു. പ്രദേശം വളഞ്ഞപ്പോൾ പ്രതികൾ വെടിയുതിർത്തെന്നും കാലിൽ വെടിവെച്ചാണ് ഇവരെ പിടികൂടിയതെന്ന പൊലീസ് പറഞ്ഞു. വെടിയേറ്റ പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

  • Share This Article
Drisya TV | Malayalam News