Drisya TV | Malayalam News

വെനസ്വേലയിൽ ബോംബാക്രമണം, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

 Web Desk    3 Jan 2026

ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശികസമയം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ യുദ്ധവിമാനങ്ങളുടെ ശബ്ദ‌ം കേട്ടതായി എഫ്എഫ്‌പി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു. യുഎസ് ആണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. വെനസ്വേലയ്ക്കെതിരേ സൈനിക നീക്കം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുലച്ചെയോടെ വെനസ്വേലയുടെ വിവിധയിടങ്ങളിൽ ബോംബാക്രമണങ്ങൾ ഉണ്ടായത്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായാണ് വിവരം.

നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ നടപടികൾ കടുപ്പിച്ചിരുന്നു. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.മഡുറോയെ സമ്മർദ്ദത്തിലാക്കാൻ വെനസ്വേലൻ ജലാശയങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളേയും ഉപരോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News