Drisya TV | Malayalam News

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഒന്നരവർഷത്തിനകം സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

 Web Desk    3 Jan 2026

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഒന്നരവർഷത്തിനകം സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 2027 ആഗസ്റ്റ് 15നായിരുക്കും ബുള്ളറ്റ് ട്രെയിൻ സ‌ർവീസ് ആരംഭിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിലിമോറയിലേക്ക് ആയിരിക്കും ആദ്യ ഘട്ടത്തിലെ സർ‌വീസ്.

മണിക്കൂറിൽ 320 കിലോ മീറ്റർ വരെ വേഗതയിൽ സ‍ഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മോഡൽ ട്രെയിനുകളാണ് രാജ്യത്തെത്തുന്നത്. തുടക്കത്തിൽ സൂറത്ത് - ബിലിമോറ റൂട്ടിൽ സർവീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിൻ വൈകാതെ വാപിയിൽ നിന്ന് അഹമ്മദാബാദിലേക്കും താനെയിൽ നിന്ന് അഹമ്മദാബാദിലേക്കും സർവീസ് വ്യാപിപ്പിക്കും. കേരളത്തിൽ സർവീസ് ആരംഭിക്കുമ്പോൾ തിരുവനന്തപുരത്ത് നിന്ന് കാസർ‌കോട്ടേക്ക് എത്താൻ രണ്ട് മണിക്കൂറിൽ താഴെ മതിയാകും എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 578 കിലോ മീറ്റർ ദൂരം ട്രെയിനിലെത്താൻ ഏഴേ മുക്കാൽ മണിക്കൂർ വേണ്ടിടത്താണിത്.

ഇന്ത്യയുടെ യാത്രാമേഖലയിൽ വിപ്ലകരമായ മാറ്റം കുറിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. മുംബയ് - അഹമ്മദാബാദ് റൂട്ടിലെ പൂർണതോതിലുള്ള സർവീസും ഇതിന് പിന്നാലെ സജ്ജമാകും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളിൽ തന്നെ രാജ്യം ബുള്ളറ്റ് ട്രെയിൻ യുഗത്തിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിനൊപ്പം വന്ദേഭാരത് സ്ലീപ്പ‌ർ ട്രെയിനിന്റെ ആദ്യ റൂട്ടും അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News