നാസയുടെ ഏറ്റവും വലിയ ലൈബ്രറിയും പ്രധാന ഗവേഷണ കേന്ദ്രവുമായ ഗോദാർഡ് സ്പേസ് ഫ്ളൈറ്റ് സെന്റർ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നു. വെള്ളിയാഴ്ച (ജനുവരി രണ്ട്) കേന്ദ്രം അടയ്ക്കും. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ പുനഃസംഘടനാ നടപടികളുടെ ഭാഗമായാണിത്. 1.270 ഏക്കർവരുന്ന കാമ്പസിലെ 13 കെട്ടിടങ്ങളും 100-ലധികം ശാസ്ത്ര-എഞ്ചിനീയറിംഗ് ലബോറട്ടറികളും 2026 മാർച്ചോടെ അടച്ചുപൂട്ടും.
ഹബിൾ സ്പേസ് ടെലിസ്കോപ്പ്, ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളുടെ വികസനത്തിന് നിർണായക പിന്തുണ നൽകിയ കേന്ദ്രമാണ് നാസയുടെ ഗോദാർഡ് ഇൻഫർമേഷൻ ആൻഡ് കൊളാബറേഷൻ സെൻ്റർ. രണ്ട് മാസത്തിനുള്ളിൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന വസ്‌തുക്കളുടെ ശേഖരം അധികൃതർ വിലയിരുത്തും എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതിനുശേഷം ചിലത് സർക്കാർ വെയർഹൗസുകളിൽ സൂക്ഷിക്കുമെന്നും ബാക്കിയുള്ളവ ഉപേക്ഷിക്കുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ലൈബ്രറി അടച്ചുകഴിഞ്ഞാൽ ഗവേഷണ ആവശ്യങ്ങൾക്കായി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഉപയോഗിക്കാം. അല്ലെങ്കിൽ ഫെഡറൽ ഏജൻസി ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ എടുക്കാൻ ഇന്റർ-ലൈബ്രറി ലോൺ സൗകര്യം പ്രയോജനപ്പെടുത്താം. അമേരിക്കൻ റോക്കറ്റ് പയനിയർ റോബർട്ട് എച്ച്. ഗോദാർഡിന്റെ പേരിലുള്ളതാണ് ഈ കേന്ദ്രം. 1959-ലാണ് സ്ഥാപിക്കപ്പെട്ടത്.