ലോകത്താദ്യമായി നിയമപരമായ അവകാശങ്ങൾ ലഭിക്കുന്ന പ്രാണിവർഗമായിരിക്കുകയാ ണ് ആമസോൺ കാടുകളിലെ കൊമ്പില്ലാത്ത തേനീച്ചകൾ. പെറുവിലെ സാറ്റിപ്പോ, നൗറ്റ എന്നീ രണ്ട് മുനിസിപ്പാലിറ്റികൾ പുറത്തിറക്കിയ പ്രാദേശിക ഓർഡിനൻസ് പ്രകാരമാണ് നിലനിൽക്കാനും അഭിവൃത്തിപ്പെടാനുമുള്ള നിയമപരമായ അവകാശമുള്ളവരായി ഈ തേനീച്ചകൾ മാറിയത്.
യൂറോപ്യൻ തേനീച്ചകളിൽനിന്ന് വ്യത്യസ്തമായി കൊമ്പുകളില്ലാത്ത ഈ തേനീച്ചകൾക്ക് സ്വതന്ത്രമായി നിലനിൽക്കാനും വളരാനുമുള്ള അവകാശം ഇനിമുതൽ നിയമം ഉറപ്പുനൽകുന്നു. ആമസോൺ മഴക്കാടുകളുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ജീവിവർഗത്തെ സംരക്ഷിക്കുന്നതിനായി ലത്തീൻ അമേരിക്കൻ സംഘടനയായ എർത്ത് ലോ സെന്ററും തദ്ദേശീയ ജനതയും നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് ഈ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇത് പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും ഈ തേനീച്ചകളെ അവകാശങ്ങളുള്ള ജീവികളായി അംഗീകരിക്കുന്നതായും പ്രചാരണത്തിന്റെ ഭാഗമായ കോൺസ്റ്റാൻസ പ്രീറ്റോ വ്യക്തമാക്കുന്നു.
തദ്ദേശീയരായ അഷാനിങ്ക (Asháninka), കുക്കാമ-കുകാമിറിയ (Kukama-Kukamiria) ഗോത്രവർഗക്കാരെ സംബന്ധിച്ചിടത്തോളം ഈ തേനീച്ചകൾ കേവലം പ്രാണികളല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന അറിവിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. തദ്ദേശീയർ മരുന്നായി ഉപയോഗിച്ചിരുന്ന ഇവയുടെ തേനിൽ ക്യാൻസർ പ്രതിരോധം ഉൾപ്പെടെയുള്ള അത്ഭുതകരമായ ഔഷധഗുണങ്ങളുണ്ടെന്ന് കെമിക്കൽ ബയോളജിസ്റ്റായ റോസ വാസ്ക്വസ് എസ്പിനോസ നടത്തിയ ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പെറുവിലെ സാറ്റിപ്പോ, നൗട്ട എന്നീ നഗരങ്ങളിലാണ് നിയമം നിലവിൽ വന്നിരിക്കുന്നത്. ഇതുപ്രകാരം, ഈ തേനീച്ചകൾക്ക് മലിനീകരണമില്ലാത്ത ആവാസവ്യവസ്ഥയിൽ കഴിയാനും ആക്രമണങ്ങളിൽ പ്രതിനിധികളെ ഉപയോഗിച്ച് കോടതിയെ സമീപിക്കാനും അവകാശമുണ്ടാകും. വനവൽക്കരണം, കീടനാശിനികളുടെ കർശന നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികൾ എന്നിവ നടപ്പിലാക്കാൻ ഈ നിയമം അധികാരികളെ നിർബന്ധിതരാക്കും. ഈ മുന്നേറ്റത്തെ പിന്തുണച്ചുകൊണ്ട് ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് മുന്നോട്ടുവന്നത്.