Drisya TV | Malayalam News

കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 (MH 370) കണ്ടെത്താനായി വീണ്ടും തിരച്ചിൽ

 Web Desk    1 Jan 2026

239 പേരുമായി ക്വാലലംപൂരിൽ നിന്നും ബെയ്‌ജിങിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 (MH 370) കണ്ടെത്താനായി വീണ്ടും തിരച്ചിൽ. 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അന്വേഷണം . ഡിസംബർ 30ന് യുഎസ്- യുകെ ആസ്ഥാനമായുള്ള മറൈൻ റോബോട്ടിക്സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയാണ് ആഴക്കടൽ തിരച്ചിൽ ആരംഭിച്ചത്. വിമാനം തകർന്നു വീണിരിക്കാം എന്ന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന മേഖലകളിലാണ് തിരച്ചിൽ. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഏകദേശം 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് അടുത്ത 55 ദിവസം ഓഷ്യൻ ഇൻഫിനിറ്റി തിരച്ചിൽ നടത്തും.

അർമാഡ 86 എന്ന കപ്പലിൽ നിന്ന് വിന്യസിച്ചിരിക്കുന്ന ഓട്ടണോമസ് അണ്ടർവാട്ടർ വെഹിക്കിൾ (Autonomous Underwater Vehicles (AUVs) ഉപയോഗിച്ചാണ് ദൗത്യം. ഇതുവഴി മുൻകാല ശ്രമങ്ങളേക്കൾ കൃത്യതയോടെ കടലിന്റെ ആഴങ്ങളിൽ സ്കാൻ ചെയ്യാൻ സാധിക്കും. അതേസമയം, തിരച്ചലിനായി മലേഷ്യൻ സർക്കാർ ഓഷ്യൻ ഇൻഫിനിറ്റിക്ക് പണമൊന്നും നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്. സർക്കാരുമായി ഒപ്പിട്ട കരാർ അനുസരിച്ച് അവശിഷ്‌ടങ്ങൾ വിജയകരമായി കണ്ടെത്തിയാൽ മാത്രമേ കമ്പനിക്ക് പണം ലഭിക്കൂ. തിരച്ചിൽ ഫലം കണ്ടാൽ മലേഷ്യ ഓഷ്യൻ ഇൻഫിനിറ്റിക്ക് 70 മില്യൺ ഡോളർ നൽകും.

5 ഇന്ത്യക്കാരടക്കം 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാപ്റ്റൻ സാഹറി അഹമ്മദ് ഷാ, ഒരു സഹ പൈലറ്റ്, 10 ഫ്ലൈറ്റ് അറ്റൻഡന്റുമാർ എന്നിങ്ങനെ ആകെ 239 പേർ. ഉപഗ്രഹ ഡാറ്റ പ്രകാരം വിമാനം ഓസ്ട്രേലിയയുടെ പടിഞ്ഞാറ്, തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരിക്കാം. എന്നാണ് കരുതിയിരുന്നത്. എന്നാൽ, വർഷങ്ങളോളം നീണ്ടുനിന്ന വിവിധ രാജ്യങ്ങൾ പങ്കെടുത്ത തിരച്ചിലിൽ പോലും അവശിഷ്‌ടങ്ങൾ കണ്ടെത്താൻ ആയിരുന്നില്ല. ഇതോടെ വ്യോമയാനത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നായി എംഎച്ച് 370 മാറി.

2015ൽ കിഴക്കൻ ആഫ്രിക്കൻ തീരത്തിനു സമീപം റീയൂണിയൻ ദ്വീപിലെ ബീച്ചിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ടാൻസാനിയ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മഡഗാസ്‌കർ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നെല്ലാം വിമാന അവശിഷ്ട ഭാഗങ്ങൾ കിട്ടി. ഇതിൽ 3 ഭാഗങ്ങൾ എംഎച്ച് 370ന്റേതാണെന്നു സ്‌ഥിരീകരിക്കപ്പെടുകയും 17 ഭാഗങ്ങൾ എംഎച്ച് 370 ന്റേതാകാൻ ശക്‌തമായ സാധ്യതയും ഉള്ളവയാണ്.എന്തായാലും പുതിയ തിരച്ചിലിന് 2014 മുതൽ വ്യോമയാനത്തെ വേട്ടയാടുന്ന നിഗൂഢതയ്ക്ക് അന്ത്യം കുറിക്കാനും വിമാനത്തിന്റെ അവശിഷ്ട‌ങ്ങൾ കണ്ടെത്താനും സാധിക്കും എന്നാണ് പ്രതീക്ഷ.

  • Share This Article
Drisya TV | Malayalam News