ഇൻഡോറിലെ ഭഗീരഥപുരയിലാണു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭഗീരഥപുരയിൽ 1100-ൽ അധികം പേർ രോഗബാധിതരായിരുന്നു. ഇതിൽ 111 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇൻഡോറിലെ ഭഗീരഥപുരയിൽ മലിനജലം ഉപയോഗിച്ച് രോഗികളായ ഏഴുപേർ ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചതായി മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചു. ‘‘ഒരു തെറ്റുപറ്റിയതായി തോന്നുന്നു. എല്ലാവരും ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്നെന്ന് ഉറപ്പാക്കുന്നതാണ്, ആ വിഷയം ഇപ്പോൾ ചർച്ച ചെയ്യുന്നതിനെക്കാൾ നല്ലത്. കുറ്റക്കാരെ ആരെയും വെറുതെവിടില്ല’’ – മന്ത്രി കൈലാഷ് വിജയ്‍വർഗീയ പറഞ്ഞു.
എല്ലാ രോഗികളുടെയും ചികിത്സാധനം സർക്കാർ വഹിക്കുമെന്ന് ഭഗീരഥപുരയിലെ എല്ലാ സ്വകാര്യ ആശുപത്രികളെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോർച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ദിലീപ് കുമാർ യാദവ് പറഞ്ഞു. ഇതിനു മുകളിലായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ഈ ചോർച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം.