ഒഡീഷ തീരത്ത് രണ്ട് 'പ്രളയ്' മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO). ഒരേ ലോഞ്ചറിൽ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തുടർച്ചയായി മിസൈലുകൾ തൊടുക്കുന്ന 'സാൽവോ' (Salvo) വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്. ബുധനാഴ്ച രാവിലെ 10:30-ഓടെ ഒഡീഷയിലെ ചണ്ഡിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) നിന്നായിരുന്നു വിക്ഷേപണം. സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് നടന്നത്. മിസൈൽ സംവിധാനം സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. പരീക്ഷണത്തിൽ രണ്ട് മിസൈലുകളും മുൻകൂട്ടി നിശ്ചയിച്ച പാത പിന്തുടരുകയും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുകയും ചെയ്തു. ട്രാക്കിംഗ് സെൻസറുകളും കപ്പലുകളിൽ സജ്ജീകരിച്ചിരുന്ന ടെലിമെട്രി സംവിധാനങ്ങളും മിസൈലുകളുടെ കൃത്യത സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോളിഡ് പ്രൊപ്പല്ലന്റ് ക്വാസി-ബാലിസ്റ്റിക് (quasi-ballistic) മിസൈലാണ് പ്രളയ്. അത്യാധുനിക ഗൈഡൻസ്, നാവിഗേഷൻ സംവിധാനങ്ങൾ മിസൈലിലുണ്ട്. വിവിധ തരം പോർമുനകൾ വഹിക്കാനും വ്യത്യസ്ത തരം ലക്ഷ്യങ്ങളെ തകർക്കാനും ഇതിന് ശേഷിയുണ്ട്.
ഡിആർഡിഒയുടെ കീഴിലുള്ള ഹൈദരാബാദിലെ ഇമാറത് റിസർച്ച് സെന്റർ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി എന്നിവ സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചത്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ നിർമ്മാണ പങ്കാളികളായി പ്രവർത്തിച്ചു. വിക്ഷേപണ സമയത്ത് ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞർക്ക് പുറമെ വ്യോമസേന, കരസേന എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.