ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. റിസർവേഷൻ ആരംഭിക്കുന്ന ആദ്യദിനത്തിൽ (Opening Day) ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ഐആർസിടിസി (IRCTC) അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി.
റിസർവേഷൻ ആരംഭിക്കുന്ന ദിവസം ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീരുന്ന സാഹചര്യം സാധാരണമാണ്. ഇത് തടയാൻ ആധാർ വെരിഫൈ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ഇനി മുതൽ ആദ്യദിനം ഓൺലൈൻ ബുക്കിംഗ് അനുവദിക്കൂ. അഡ്വാൻസ് റിസർവേഷൻ പിരീഡ് (ARP) ആരംഭിക്കുന്ന ദിവസത്തെ പ്രധാന മണിക്കൂറുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം, റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ഈ പുതിയ നിയമം ബാധിക്കില്ല.
യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം. ടിക്കറ്റുകൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നത് തടയാൻ ഈ നീക്കം സഹായിക്കും. ജനുവരിയിൽ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നതിന് മുൻപ് എല്ലാ യാത്രക്കാരും തങ്ങളുടെ ഐആർസിടിസി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചു.