ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി യുവതിയുടെ കാലിൽ തുന്നിച്ചേർക്കുകയും പിന്നീട് മാസങ്ങൾക്കുശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.
ജോലിസ്ഥലത്തെ വലിയ മെഷീനിൽ കുടുങ്ങിയാണ് യുവതിക്ക് അപകടമുണ്ടായത്. ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ഷാൻഡോങ് പ്രവിശ്യയിലെ ആശുപത്രിയിലെ മൈക്രോ സർജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്വി ഷെൻക്വിയാങ് പറഞ്ഞു. ശിരോചർമത്തിൻ്റെ വലിയൊരു ഭാഗവും മുഖത്തെയും കഴുത്തിലെയും ചർമഭാഗങ്ങളും നഷ്‌ടമായിരുന്നു.
സ്ത്രീയുടെ തലയിൽ ചെവി വീണ്ടും തുന്നിച്ചേർക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും രക്തക്കുഴലുകൾക്കും ടിഷ്യുകൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചതിനാൽ ഇത് സാധ്യമായില്ല.
തുടർന്ന് തലയോട്ടിയിലെ മുറിവ് ഭേദമാകുന്നതുവരെ ചെവിയെ 'ജീവനോടെ' നിലനിർത്തുന്നതിനായി യുവതിയുടെ കാലിന്റെ മുകൾഭാഗത്ത് ചെവി ഗ്രാഫ്റ്റ് ചെയ്യുകയായിരുന്നു. കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു.
10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചെവി കാലിൽ ഗ്രാഫ്റ്റ് ചെയ്തതത്. ഇതിനിടെ യുവതിയുടെ വയറ്റിൽ നിന്നെടുത്ത ചർമം തലയിൽ ഗ്രാഫ്റ്റ് ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. അഞ്ച് മാസത്തിന് ശേഷം വീക്കം ഇല്ലാതാവുകയും മുറിവുകൾ ഉണങ്ങുകയും ചെയ്‌തതോടെ കാലിൽ ഘടിപ്പിച്ചിരുന്ന ചെവി തലയിൽ തന്നെ തിരികെ തുന്നിച്ചേർത്തും. ആറ് മണിക്കൂറിൽ കൂടുതൽ സമയമെടുത്താണ് ചെവി യഥാസ്ഥാനത്ത് തുന്നിച്ചേർത്തത്.