വിശപ്പ് ഒരു സാധാരണ അവസ്‌ഥയാണ്. എന്നാൽ സാധാരണയായി രാത്രികളിൽ വിശപ്പ് ഇല്ലാതിരിക്കുകയും ശരീരം വിശ്രമിക്കുകയും ചെയ്യുന്നതാണ് പതിവ്. അതുകൊണ്ടുതന്നെ രാവിലെ വിശപ്പ് സഹിക്കാൻ കഴിയാതെ ഉണർന്നെണീക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും ചില മരുന്നുകളും എല്ലാം ഇതിനു കാരണമാവാം.ചെറിയ ചില മാറ്റങ്ങൾ ജീവിതശൈലിയിൽ കൊണ്ടുവരിക വഴി ഈ പ്രശ്‌നം അകറ്റാൻ സാധിക്കും. രാത്രിയിലും വെളുപ്പിനെയും ഉള്ള വിശപ്പ് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാകാം. അവ എന്തൊക്കെ എന്നറിയാം.
രാത്രിയിൽ വളരെ ഹെവി ആയതും അന്നജം കൂടിയതും മധുരം കൂടിയതുമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം വരുത്തും. രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിന്റെ അളവ് കുറയ്ക്കാൻ പാൻക്രിയാസ്, ഇൻസുലിൻ ഹോർമോൺ റിലീസ് ചെയ്യും. ഇത് രാത്രിയിൽ വിശക്കുന്നതിനു കാരണമാകും. രാത്രി വൈകി, പ്രത്യേകിച്ച് കിടക്കുന്നതിനു തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് സിർക്കാഡിയൻ റിഥത്തെ ബാധിക്കും. വയറു നിറഞ്ഞു എന്ന തോന്നലുണ്ടാക്കുന്ന ലെപ്റ്റിൻ പോലുള്ള ഹോർമോണുകളുടെ അളവ് കുറയും. ഇതൊഴിവാക്കാൻ വൈകുന്നേരം ലളിതമായ ലഘുഭക്ഷണം കഴിക്കാം. പ്രോട്ടീനോ ഫൈബറോ ധാരാളം അടങ്ങിയ ഭക്ഷണം ആണ് നല്ലത്. ഇത് വളരെ സാവധാനത്തിലേ ദഹിക്കൂ. രാത്രിയിൽ ഗ്ലൂക്കോസ് നിലനിർത്താൻ ഇത് സഹായിക്കും.
ഉറക്കമില്ലായ്മ വിശപ്പിനെ നേരിട്ട് ബാധിക്കും. വിശ്രമമില്ലാത്ത ഏതാനും രാത്രികൾ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കും. ഉറക്കക്കുറവ്, വിശപ്പിന്റെ ഹോർമോൺ ആയ ഘെലിൻ്റെ അളവ് കൂട്ടും. ഇതു കാരണം ഭക്ഷണം കൂടുതൽ കഴിക്കാൻ പ്രത്യേകിച്ച്, രാത്രിയിൽ തോന്നും. മുതിർന്ന വ്യക്‌തികൾക്ക് 7 മുതൽ 9 മണിക്കൂർ വരെ തുടർച്ചയായ നല്ല ഉറക്കം ആവശ്യമാണ്. വളരെ ചെറിയ കാലത്തേക്കുള്ള ഉറക്കക്കുറവ് പോലും ഘെലിന്റെ അളവ് കൂട്ടുകയും ഇതുവഴി വിശപ്പും ദാഹവും കൂട്ടുകയും ചെയ്യുമെന്നും ഇത് കാലറി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാനും രാത്രി ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഉണ്ടാകാനും ഇടയാക്കുമെന്ന് "അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉറങ്ങാൻ പ്രയാസപ്പെടുകയാണെങ്കിൽ ഉറക്ക ഹൈജീൻ മെച്ചപ്പെടുത്തുന്ന ശീലങ്ങൾ പിന്തുടരണം. സ്ക്രീൻ ടൈം കുറയ്ക്കുക, കൃത്യമായ ദിനചര്യകൾ പിന്തുടരുക, ശാന്തമായ അന്തരീക്ഷം നിലനിർത്തുക ഇതെല്ലാം പ്രധാനമാണ്.