കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മത്സ്യക്കൃഷി, സമുദ്രോത്പന്ന കമ്പനിയായ കിംഗ്‌സ് ഇൻഫ്രാ വെഞ്ചേഴ്സ് (Kings Infra Ventures) ലിമിറ്റഡ് ആന്ധ്രാപ്രദേശ് സർക്കാരുമായി സുപ്രധാനമായ കരാർ (MoU) ഒപ്പുവെച്ചു. 2,500 കോടി രൂപ നിക്ഷേപത്തിൽ, 500 ഏക്കറിൽ കിംഗ്‌സ് മാരിടൈം അക്വാകൾച്ചർ ടെക്നോളജി പാർക്ക് (Kings Maritime Aquaculture Technology Park) സ്ഥാപിക്കുന്നതിനാണ് കരാർ.
വിശാഖപട്ടണത്തിന് അടുത്തുള്ള ശ്രീകാകുളത്താണ് രാജ്യത്തെ ആദ്യത്തെ പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിത അക്വാകൾച്ചർ കേന്ദ്രം ഒരുങ്ങുന്നത്. ഈ പദ്ധതിയിലൂടെ 1,500 പേർക്ക് നേരിട്ടും 10,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ബ്ലൂ ഇക്കണോമിക്ക് (Blue Economy) പുതിയ ഊർജ്ജം പകരുന്നതാണ് കിംഗ്‌സ് ഇൻഫ്രായുടെ ഈ സംരംഭം. മൊത്തം നിക്ഷേപമായ 2,500 കോടി രൂപയിൽ 500 കോടി രൂപ കിംഗ്‌സ് ഇൻഫ്രായും നിക്ഷേപകരും ചേർന്നാണ് കോർ ഇൻഫ്രാസ്ട്രക്‌ചർ, ഗവേഷണ സൗകര്യങ്ങൾ എന്നിവയ്ക്കായി നേരിട്ട് ചെലവഴിക്കുക. അനുബന്ധ വ്യവസായങ്ങളിലൂടെ 2,000 കോടി രൂപയുടെ കൂടി നിക്ഷേപം എത്തുമെന്നാണ് കണക്കാക്കുന്നത്.
കിംഗ്‌സ് ഇൻഫ്രായുടെ തന്നെ എ.ഐ.ഓപ്പറേറ്റിംഗ് സിസ്റ്റമായ ബ്ലൂടെക്ഒഎസ് (BlueTechOS)ഉപയോഗിച്ചാണ് മുഴുവൻ സംവിധാനങ്ങളും നിയന്ത്രിക്കുക. വെള്ളത്തിന്റെറെ ഗുണനിലവാരം തത്സമയം വിശകലനം ചെയ്യാനും രോഗബാധ മുന്നറിയിപ്പുകൾ നൽകാനും, ഓട്ടോമേറ്റഡ് ആയി തീറ്റ നൽകാനും ഈ സാങ്കേതികവിദ്യ സഹായിക്കും.
വർഷം മുഴുവനും ഉത്പാദനം ഉറപ്പാക്കാൻ സാധിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. വൈവിധ്യമാർന്ന കയറ്റുമതി സാധ്യമാക്കാനായി വനാമി, ബ്ലാക്ക് ടൈഗർ ഇനങ്ങളിലുള്ള ചെമ്മീനുകൾക്ക് പുറമെ, സീബാസ്, ഗ്രൂപ്പർ, തിലാപ്പിയ, ചെളി ഞണ്ട് (mud crab), തിരഞ്ഞെടുത്ത ശുദ്ധജല, സമുദ്ര മത്സ്യയിനങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്യും.
മൂന്നാം വർഷം മുതൽ പ്രതിവർഷം 2,000 കോടി രൂപയുടെ നേരിട്ടുള്ള കയറ്റുമതിയും 20,000 കോടി രൂപയുടെ പരോക്ഷ കയറ്റുമതിയും ഈ പാർക്കിൽ നിന്ന് പ്രതീക്ഷിക്കുന്നു.