ഷാരൂഖ് ഖാന്റെ പേരിലൊരു വമ്പൻ കൊമേഴ്‌സ്യൽ ടവറുമായി ദുബായിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്. ഒട്ടേറെ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ടവർ. ഷാരൂഖ്‌സ് ഡാന്യൂബ് എന്ന് പേരിട്ടിരിക്കുന്ന ടവറിന്റെ പണി, പരമാവധി നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഉയരുക. 56 നിലകളാണുണ്ടാവുക. 4000 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ടവറിന്റെ ലോഞ്ചിങ് പരിപാടി ഇക്കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നടന്നത്. ചടങ്ങിൽ ഷാരൂഖ് ഖാൻ, ഫറാ ഖാൻ എന്നിവരും പങ്കെടുത്തു.
''ഇതുകാണുമ്പോൾ എന്റെ അമ്മയ്ക്ക് ഒരുപാട് സന്തോഷമാവും. ഇതൊരു വലിയ ബഹുമതിയാണ്'', ചടങ്ങിൽ സംസാരിച്ച ഷാരൂഖ് പറഞ്ഞു. ''എന്റെ കുട്ടികൾ അങ്ങോട്ടേക്ക് പോയാൽ ഞാനവരോട് പറയും, 'പാപ്പയുടെ കെട്ടിടം നോക്കൂ' എന്ന്''.
ദുബായ് നഗരത്തിൽ താമസിക്കാനെത്തുന്ന ഒരാൾക്ക് താങ്ങാനാവുന്ന വിലയിൽ ഇത് ലഭ്യമാവുമെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. ''ദുബായിൽ ജീവിതം ആരംഭിക്കുന്നവർക്കും ജീവിതത്തിൽ എവിടെയെങ്കിലും എത്താൻ ആഗ്രഹിക്കുന്നവർക്കും, ഇത് അവർക്ക് വലിയൊരു അനുഗ്രഹവും പ്രചോദനവുമാകുമെന്ന് ഞാൻ കരുതുന്നു''.