Drisya TV | Malayalam News

ഇന്ത്യയിൽ വികസിപ്പിച്ച സൗജന്യ എ.ഐ ആൻസർ എഞ്ചിനായ കൈവെക്സ് (Kyvex) പുറത്തിറക്കി

 Web Desk    14 Nov 2025

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എ.ഐ ആൻസർ എഞ്ചിനായ കൈവെക്സ് (Kyvex) പുറത്തിറക്കി ശതകോടീശ്വരൻ പേൾ കപൂർ. ആദ്യ ഘട്ടത്തിൽ വെബ്ബിൽ മാത്രമാണ് സേവനങ്ങൾ ലഭിക്കുക. പതിയെ ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലേക്കും എത്തുമെന്നും കമ്പനി വ്യത്തങ്ങൾ വ്യക്തമാക്കി.

സാധാരണ എ.ഐ മോഡലുകളെപ്പോലെയല്ല കൈവെക്സിന്റെ പ്രവർത്തനം. സ്വന്തമായി വികസിപ്പിച്ച ലാർജ് ലാംഗ്വേജ് മോഡലിന്റെ (LLM) സഹായത്തോടെ പ്രവർത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ആഴത്തിലുള്ള ഗവേഷണം (Deep research) നടത്തി ഉത്തരം നൽകാൻ ഈ മോഡലിന് കഴിയും. ഗവേഷണം, പ്രശ്‌നപരിഹാരം, കണ്ടന്റുകൾ തയ്യാറാക്കൽ, കോഡിംഗ് തുടങ്ങിയ സങ്കീർണമായ ജോലികൾ ലളിതമാക്കാനും പറ്റും. ഊഹങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങൾ നൽകുന്നതിന് പകരം കൃത്യമായി ഉത്തരം നൽകാനുള്ള കഴിവാണ് കൈവെക്സിനെ വ്യത്യസ്തമാക്കുന്നതെന്നും കമ്പനി പറയുന്നു. മലയാളം ഉൾപ്പെടെയുള്ള നിരവധി ഭാഷകളും കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.

കേവലം ഉത്തരങ്ങൾ നൽകുന്ന ഒരു ഉപകരണം മാത്രമായിരിക്കില്ല കൈവെക്സെന്ന് സ്ഥാപകൻ പേൾ കപൂർ പറഞ്ഞു. മറിച്ച് ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ചിന്തിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്ന ഒരു പങ്കാളിയെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എ.ഐ ഗവേഷണങ്ങളുടെ മുൻനിരയിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദ്യാർത്ഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് കൈവെക്സ് ഏറെ ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്. അധികം വൈകാതെ എ.ഐ മേഖലയിൽ മുൻ നിരയിലെത്താനും കമ്പനിക്ക് കഴിയുമെന്നും അനലിസ്റ്റുകൾ കരുതുന്നു.

  • Share This Article
Drisya TV | Malayalam News